യാത്രാ വിലക്കില്‍ ഇളവ്; വാക്സിനെടുത്തവര്‍ക്ക് യു എ ഇയില്‍ പ്രവേശിക്കാം.
ദുബൈ:
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു എ ഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ഇളവ് പ്രഖ്യാപിച്ചു. യു എ ഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ഈ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഇളവുണ്ടാകുമെന്ന് ദുബൈ അധികൃതര്‍ അറിയിച്ചു.
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകമുള്ള നെഗറ്റീവ് പി സി ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതില്‍ യു എ ഇ സ്വദേശികള്‍ക്ക് ഇളവുണ്ട്. ക്യു ആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുള്ള പരിശോധനാ ഫലങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും റാപ്പിഡ് പി സി ആര്‍ പരിശോധന നടത്തണമെന്ന നിര്‍ദേശവുമുണ്ട്.
ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ശേഷം യാത്രക്കാരെ വീണ്ടും പി സി ആര്‍ പരിശോധനക്ക് വിധേയമാക്കും. ഈ പരിശോധനയുടെ ഫലം വരുന്നത് വരെ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനകം പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. യു എ ഇ സ്വദേശികള്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ഈ നിബന്ധനയിലും ഇളവുണ്ട്.