യൂറോകപ്പ് പ്രീ-ക്വാർട്ടറിൽ ജർമനിയെ തകർത്ത് ഇംഗ്ലണ്ട്.

വെബ്ലി:

പ്രീ-ക്വാർട്ടറിൽ ജർമനിയെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സൗത്ത്ഗേറ്റിന്റെ സംഘം ജർമനിയെ തകർത്തു വിട്ടത്.

വെംബ്ലിയിൽ ജർമനിക്കെതിരേ അവസാനം കളിച്ച ഏഴ് മത്സരങ്ങളിലും ജയിക്കാനാകാതിരുന്ന ഇംഗ്ലണ്ട് ഒടുവിൽ എട്ടാം മത്സരത്തിൽ ആ കേട് തീർത്തു. 74-ാം മിനിറ്റ് വരെ ഗോൾ രഹിതമായ മത്സരത്തിൽ റഹീം സ്റ്റെർലിങ്ങും ഹാരി കെയ്നുമാണ് ഇംഗ്ലണ്ടിനായി സ്കോർ ചെയ്തത്. ഈ ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഏക ടീമാണ് ഇംഗ്ലണ്ട്.

16-ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങിന്റെ മികച്ചൊരു ഷോട്ട് നീണ്ട ഡൈവിലൂടെയാണ് ജർമൻ ഗോൾകീപ്പർ മാനുവൽ നൂയർ രക്ഷപ്പെടുത്തിയത്. 32-ാംമിനിറ്റിലാണ് ആദ്യ പകുതിയിലെ മികച്ച അവസരം പിറന്നത്. കായ് ഹാവെർട്സ് നൽകിയ ത്രൂബോളിൽ നിന്ന് തിമോ വെർണറുടെ ഗോളെന്നുറച്ച ഷോട്ട് പക്ഷേ ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്ഫോർഡ് അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു.

48-ാം മിനിറ്റിൽ ഹാവെർട്സിന്റെ ബുള്ളറ്റ് ഷോട്ട് രക്ഷപ്പെടുത്തി പിക്ഫോർഡ് വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി. 53-ാം മിനിറ്റിൽ ഗോസെൻസിന്റെ ഷോട്ടും പിക്ഫോർഡ് തടഞ്ഞു. ഒടുവിൽ 75-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. സ്റ്റെർലിങ്ങും ഹാരി കെയ്നും ഗ്രീലിഷും ലൂക്ക് ഷോയും ചേർന്നുള്ള മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ഷോയുടെ പാസ് സ്റ്റെർലിങ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

81-ാം മിനിറ്റിൽ തിരിച്ചുവരാനുള്ള അവസരം തോമസ് മുള്ളർ നഷ്ടപ്പെടുത്തി. ഹാവെർട്സ് നീട്ടിയ പാസിൽ നിന്ന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ മുള്ളർ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു. പിന്നാലെ 86-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ച ഗോളെത്തി. ലൂക്ക് ഷോ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച ഗ്രീലിഷ് നൽകിയ ക്രോസ് ഹാരി കെയ്ൻ വലയിലെത്തിക്കുകയായിരുന്നു. ഈ ടൂർണമെന്റിൽ താരത്തിന്റെ ആദ്യ ഗോൾ.

Related Posts