യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ റഷ്യയെ തകർത്ത് ബെൽജിയം.

എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബെൽജിയം റഷ്യയെ തകർത്ത്.

സെയ്ന്റ് പീറ്റേഴ്സ്ബർഗ്:

യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്‌ റഷ്യയെ തകർത്ത് ബെൽജിയം. യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ആധികാരിക വിജയം നേടാൻ ലുക്കാക്കുവിനും സംഘത്തിനും സാധിച്ചു.

ബെൽജിയത്തിനായി സൂപ്പർ താരം റൊമേലു ലുക്കാക്കു ഇരട്ട ഗോളുകൾ നേടിയപ്പോൾ പകരക്കാരനായി ഇറങ്ങിയ തോമസ് മ്യുനിയർ മറ്റൊരു ഗോൾ സ്വന്തമാക്കി. മത്സരം ആരംഭിച്ചപ്പോൾ തൊട്ട് ബെൽജിയം റഷ്യയ്ക്ക് മേൽ ആധിപത്യം പുലർത്തി. 10-ാം മിനിട്ടിൽ സൂപ്പർ താരം റൊമേലു ലുക്കാക്കുവിലൂടെ ബെൽജിയം ലീഡെടുത്തു. ബോക്സിനകത്ത് ലഭിച്ച പാസ് മനോഹരമായി കാലിൽ കുരുക്കിയ ലുക്കാക്കു റഷ്യൻ ഗോൾകീപ്പർ ഷുനിന് ഒരു സാധ്യതയും നൽകാതെ പന്ത് വലയിലെത്തിച്ചു. റഷ്യൻ പ്രതിരോധ താരം സെമെനോവിന്റെ പിഴവിൽ നിന്നാണ് ലുക്കാക്കു പന്ത് പിടിച്ചെടുത്തത്.

ഗോൾ വഴങ്ങിയതിനു പിന്നാലെ റഷ്യ ഉണർന്നു കളിച്ചതോടെ കളി ആവേശത്തിലായി. 16-ാം മിനിട്ടിൽ ബെൽജിയത്തിന്റെ ഡെൻഡോൻകറിന് ഒരു മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. ബെൽജിയത്തിനായി തോമസ് മ്യുനിയറും റഷ്യയ്ക്കായി ഡെനിസ് ചെറിഷേവും കളത്തിലിറങ്ങി. പകരക്കാരനായി ഇറങ്ങിയ ഉടൻ തന്നെ 34-ാം മിനിട്ടിൽ ഗോളടിച്ച് മ്യുനിയർ വരവ് ഗംഭീരമാക്കി. യൂറോകപ്പിലെ ഒരു മത്സരത്തിൽ ആദ്യ പകുതിയിൽ പകരക്കാരനായി വന്ന് ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് ഈ ഗോളിലൂടെ മ്യുനിയർ സ്വന്തമാക്കി. ഒടുവിൽ 88-ാം മിനിട്ടിൽ മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ ലുക്കാക്കു ബെൽജിയത്തിന് ഒരു ഗോൾ കൂടി നൽകി കൊടുത്തു.

Related Posts