യൂറോ 2021; സ്‌കോട്ട്‌ലൻഡിനെ വീഴ്ത്തി ചെക്ക് റിപ്പബ്ലിക്,2-0.

ഒന്നാന്തരം ലോങ് റേഞ്ച് ഗോളുമായി ഇരട്ട ഗോൾ നേടി ചെക്കിന്റെ പാട്രിക് ഷിക്ക്.

ചെക്ക് റിപ്പബ്ലിക് സ്‌ട്രൈക്കർ പാട്രിക് ഷിക്ക് തിങ്കളാഴ്ച നടന്ന മത്സരത്തിൽ അതിശയകരമായ ലോംഗ് റേഞ്ച് ഗോളടക്കം ഇരട്ട ഗോളിലൂടെ ചെക്ക് സ്‌കോട്ട്‌ലൻഡിനെ 2-0 ന് തോൽപ്പിച്ചു. സ്കോട്ട്‌ലൻഡ് ഗോൾകീപ്പർ ഡേവിഡ് മാർഷലിന്റെ അശ്രദ്ധയിൽ ഗോൾ ലൈനിൽ നിന്ന് പുറത്തു നിന്നപ്പോൾ ഏകദേശം 50 യാർഡിൽ നിന്ന് (ഗ്രൗണ്ടിന് പകുതി ഭാഗം) അവിസ്മരണീയമായ കിക്കിലൂടെയാണ് ഷിക്ക് ലീഡ് ഇരട്ടിയാക്കിയത്.“കീപ്പർ എവിടെ നിൽക്കുന്നുവെന്ന് കാണാൻ ഞാൻ നോക്കി, അദ്ദേഹം വളരെ മുൻപിലായിരുന്നു. ഞാൻ വീണ്ടും നോക്കിയാണ് ആ ലോങ് ഷോട്ട് പായിച്ചത്. ” ഷിക്ക് പറഞ്ഞു.

കളിയിലെ ആദ്യ പകുതിയിൽ 42-ാ മത്തെ മിനുട്ടിൽ ആദ്യ ഗോൾ നേടിയ പാട്രിക് രണ്ടാം പകുതിയിൽ 52മത്തെ മിനിറ്റിലാണ് മാജിക്കൽ ഗോൾ നേടിയത്. 1980 മുതൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം ഇതുപോലൊരു ഗോൾ പിറന്നിട്ടില്ല എന്നത് ഷിക്ക് നേടിയ ഗോളിന്റെ മാറ്റ് കൂട്ടുന്നു.

പ്രധാന ടൂർണമെന്റിൽ പങ്കെടുത്തുകൊണ്ടുള്ള സ്കോട്ട്‌ലൻഡിന്റെ 23 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ആദ്യ മത്സരം തോൽവിയോടെ ആയത് ടീമിനെ ഏറെ നിരാശയിലാഴ്ത്തി.

സ്കോട്ട്‌ലൻഡ് ഏറെ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പലപ്പോഴും ചെക്ക് പ്രതിരോധനിരയിലും കീപ്പറിലും തട്ടി ഗതിമാറി. ഇടയ്ക്ക് ബാറിലും തട്ടി ഇന്ന് തങ്ങളുടെ ദിവസം അല്ലെന്ന് സ്കോട്ട്‌ലൻഡ് ഇടയ്ക്കിടെ തെളിയിച്ചുകൊണ്ടിരുന്നു.

ശക്തരായ ഇംഗ്ലണ്ടിനെതിരെയാണ് വെള്ളിയാഴ്ച സ്കോലാൻഡിന് അടുത്ത മത്സരം. അതേസമയം, ചെക്ക് റിപ്പബ്ലിക് അടുത്ത ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ക്രൊയേഷ്യയെയും നേരിടും.

ഇക്ബാൽ മുറ്റിച്ചൂർ.

Related Posts