ഉക്രെയ്നിന്റെ സ്വപ്ന തുല്യമായ തിരിച്ചുവരവ് ഡുംഫ്രീസ് ഹെഡറിൽ അവസാനിച്ചു.
യൂറോ 2021; സസ്പെൻസ് ത്രില്ലർ ഓറഞ്ച് വിപ്ലവം, പൊരുതി ജയിച്ചത് 3-2 ന്.
ഉക്രൈനുമായുള്ള യൂറോ 2021ലെ തങ്ങളുടെ ആദ്യമത്സരത്തിൽ ഹോളണ്ട് 3-2 ന് വിജയിച്ചു. മത്സരത്തിലെ അഞ്ച് ഗോളും പിറന്നത് രണ്ടാം പകുതിയിലാണ്.
ആദ്യപകുതിയിൽ തുടക്കത്തിലെ തന്നെ നിർണായക നീക്കങ്ങൾ നടത്തിയ ഹോളണ്ട് 10 മിനിറ്റിനുള്ളിൽ ഏഴ് തവണയാണ് എതിരാളികളുടെ ബോക്സിന് അകത്തേക്ക് ഇരമ്പിയെത്തിയത്. ഉക്രൈൻ പ്രതിരോധനിരക്കും ഗോളിക്കും തുടക്കത്തിൽ തന്നെ ഏറെ തല വേദന സൃഷ്ടിച്ച ഹോളണ്ട് മുൻനിര പക്ഷേ ഗോളടിക്കാൻ മറന്നുപോയി. ഗിനിയും മെമ്ഫിസും ഡംഫ്രീസും തുടരെ ആക്രമിച്ചു കൊണ്ടിരുന്നു. ചില ഗോൾ എന്നുറച്ച നിർണായക ഷോട്ടുകൾ ഉക്രൈൻ കീപ്പർ സമർഥമായി തട്ടിയകറ്റി.
ഇടയ്ക്ക് ഉക്രൈൻ ക്യാപ്റ്റന്റെ പിന്തുണയോടെ അവരുടെ മുൻനിര യും തിരിച്ചു ഹോളണ്ട് പ്രതിരോധ കോട്ടയെയും പരീക്ഷിച്ചു കൊണ്ടിരുന്നു.
ഒരു ഗോൾ പോലും പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. അമ്പത്തിരണ്ടാം മിനിറ്റിലും അമ്പത്തി എട്ടാം മിനിറ്റിലും ഗോളടിച്ച് മുന്നിലെത്തിയ ഹോളണ്ടിനെ യുക്രൈൻ പിന്നീട് ഞെട്ടിക്കുന്നതാണ് കണ്ടത്. അവസാന പത്ത് മിനിറ്റിന് മുൻപ് മത്സരം 2-1 എന്ന നിലയിലായി.
ടൂർണമെന്റിലേക്കുള്ള ബിൽഡപ്പിൽ 5-3-2 എന്ന ശൈലിയിൽ ടീമിനെ കൊണ്ടുവന്ന കോച്ച് ഡി ബോയറിന്റെ തീരുമാനം ഏറെ ഗുണം ചെയ്തു എന്ന് വിലയിരുത്തപ്പെടുന്നു. ഡച്ച് പടയുടെ പേരുകേട്ട പ്രതിരോധ നിരയിലെ മുൻനിര താരങ്ങൾ പരിക്കിന്റെ പിടിയിൽ അകപ്പെട്ടപ്പോൾ പ്രതിരോധം തകരാതിരിക്കാൻ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം ആകാതിരിക്കാൻ ഈ ശൈലിയാണ് നല്ലതെന്ന് കോച്ച് വിലയിരുത്തുന്നു.
ആദ്യ ഗോള്‍ വലതു വിംഗില്‍ നിന്ന് ഡംഫ്രീസിന്റെ ക്രോസില്‍ ഉക്രൈന്‍ ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടെങ്കിലും ഓടിയടുത്ത ക്യാപ്റ്റൻ വെനാള്‍ഡം ഗോള്‍വല കുലുക്കി. ആറ് മിനിറ്റുകള്‍ക്കകം ഓറഞ്ച് പട ലീഡ് രണ്ടാക്കി. വെകോസ്റ്റിന്റെ ഷോട്ട് കീപ്പറേയും മറികടന്ന് വലയിലേക്ക്. 2014 ന് ശേഷം ഓറഞ്ച് വസന്തം തിരിച്ചുവരവിൽ എന്ന് തോന്നിയ നിമിഷങ്ങൾ.
മത്സരം അനായാസം ഡച്ച് പട ജയിക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ 75-ാം മിനിറ്റില്‍ ഹോളണ്ട് പ്രതിരോധനിരയുടെയും കീപ്പറുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് യമൊലെങ്കോയുടെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്ത് താരം തൊടുത്തുവിട്ട മനോഹരമായ ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. വെറും നാല് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോള്‍. ഇത്തവണ ഫ്രീകിക്കില്‍ ഹെഡറുതിർത്തുകൊണ്ടുള്ള യാറേചുക്കിന്റെ ഗോള്‍. ഒരു വേള ജയിച്ച കളി കൈവിട്ട നിമിഷങ്ങൾ.
എന്നാല്‍ മത്സരം തീരാൻ അഞ്ചുമിനിറ്റ് ബാക്കിനിൽക്കെ ഡംഫ്രീസ് കളിയുടെ ആദ്യപകുതിയിൽ തന്നിൽ നിന്നും വന്ന പിഴവ് തിരുത്തിക്കൊണ്ട് മറ്റൊരു തകർപ്പൻ ഹെഡ്ഡറിലൂടെ നെതര്‍ലന്‍ഡ്‌സിന് വിജയം സമ്മാനിച്ചു.
“ഇതാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്ന ടീം,” ഹോളണ്ട് കോച്ച് ഡി ബോയർ പറഞ്ഞു. “ഞങ്ങൾ വളരെ സമതുലിതമായി കളിക്കുകയും ആധിപത്യം പുലർത്തുകയും ചെയ്തു. ഞങ്ങൾക്ക് അഭിമാനിക്കാം, ഇതുവരെ ഞങ്ങൾ ചെയ്തതുപോലെയുള്ള ചില ഘട്ടങ്ങൾ കൂടി ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ”
“ആദ്യം ഞങ്ങൾ 2-0 ന് പിന്നിൽ ആക്കുകയും ആ സമയത്ത് കളി ഏതാണ്ട് നഷ്ടപ്പെടുകയും ചെയ്തതിന് ശേഷം അവർ കാണിച്ച തിരിച്ചുവരവിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു” “ടീം സ്വയം നന്നായി പൊരുതികളിച്ചു. ജയം മാത്രം അന്യം നിന്നു. അടുത്ത മത്സരത്തിൽ തിരിച്ചുവരും ”ഉക്രൈൻ കോച്ച് ഷെവ്ചെങ്കോ പറഞ്ഞു.
ഇക്ബാൽ മുറ്റിച്ചൂർ.