ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ കരതൊടും.
യാസ് ചുഴലിക്കാറ്റ് ഒഡിഷയോടടുക്കുന്നു.
കൊൽക്കത്ത:
അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തിൽ പെടുത്തിയിരിക്കുന്ന ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിൽ കരതൊടുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. മണിക്കൂറിൽ 290 കിലോമീറ്റർവരെ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ, ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ തീരമേഖലകളിൽനിന്ന് പതിനൊന്നു ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. പശ്ചിമബംഗാൾ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറ്റിയത്. ആന്ധ്രാപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നിവിടങ്ങളിൽ അതിജാഗ്രത പുലർത്താൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി കളക്ടർമാരോട് നിർദേശിച്ചു.