രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം.

കൊവിഡ് പ്രതിരോധത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

തിരുവനന്തപുരം :

രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം അവസാനിച്ചു. ഒമ്പതുമണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കർ എം ബി രജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

സർക്കാർ ജനക്ഷേമപ്രവർത്തനങ്ങൾ തുടരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. താഴെ തട്ടിലുള്ള ക്ഷേമ വികസന പദ്ധതികൾ നിലനിർത്തുമെന്നും ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനം നടത്തും. സ്ത്രീ സമത്വത്തിനും പ്രാധാന്യം നൽകും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും ഗവർണർ പറഞ്ഞു.

കൊവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയർത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. കൊവിഡ് വെല്ലുവിളിക്കിടയിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം. ഒന്നാം കൊവിഡ് തരംഗം നേരിടാൻ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങൾക്ക് കൈത്താങ്ങായി. എല്ലാവർക്കും സൗജന്യ വാക്സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ അധികമായി ചെലവാക്കും. വാക്സിൻ കൂടുതൽ ശേഖരിക്കാൻ ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. വാക്സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്. സർക്കാർ ആശുപത്രികളിൽ സൗജന്യ കൊവിഡ് ചികിത്സ തുടരുന്നു. കൊവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിർത്താൻ ആയതു നേട്ടമാണ്. ജനകീയ ഹോട്ടലുകളിൽ 20 രൂപയ്ക്ക് ഊണ് നൽകുന്നത് തുടരും.

എല്ലാ തലങ്ങളിലുമുള്ള സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം വർധിപ്പിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇതിന്റെ ഫലമായി സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും വിദ്യാർത്ഥികളുടെ പ്രവേശനം ഗണ്യമായി വർധിച്ചു.

പകർച്ചവ്യാധിയുടെ സാഹചര്യം ഉണ്ടായിരുന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ രീതിയിലൂടെ ക്ലാസുകൾ നടത്തുന്നത് തുടരുന്നു. ജീവിത നൈപുണ്യ വികസനത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഗവർണർ വ്യക്തമാക്കി.

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം 50% വർധിപ്പിക്കും.

കർഷകർക്കുള്ള വെറ്ററിനറി സേവനങ്ങൾക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാർട്ട് കൃഷി ഭവനുകളാക്കും.

കേരള കാർഷിക സർവകലാശാലയിൽനിന്നും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുമുള്ള ഗവേഷണഫലങ്ങൾ പൂർണമായും ഉത്പാദന വർധനയ്ക്കായി ഉപയോഗപ്പെടുത്തും.

യുവസംരംഭകരെയും സേവനദാതാക്കളെയും ലക്ഷ്യമിട്ട് 25 കോർപറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിക്കും. പാഡി കോഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിക്കും. പാലക്കാട് മാതൃകയിൽ രണ്ട് ആധുനിക റൈസ് മില്ലുകൾ സ്ഥാപിക്കും.

കേരളത്തിലെ നവോത്ഥാന നായകരുടെ പേരിൽ ജില്ലകളിൽ ഒന്നുവീതം കൾച്ചറൽ കോംപ്ലക്സുകൾ നിർമിക്കും. കേരള കൾച്ചറൽ മ്യൂസിയം സ്ഥാപിക്കും. സാംസ്കാരിക പരിപാടികൾക്കായി പ്രാദേശിക സാസ്കാരിക കേന്ദ്രങ്ങൾ ഒരുക്കും.

നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ-

കൊവിഡ് ഒന്നാം തരംഗത്തിൽ സമഗ്ര പാക്കേജ് നടപ്പാക്കി.

കൊവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ സാധിച്ചു.

400 കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകൾ 19 ലക്ഷം കുടുംബങ്ങൾക്ക് നൽകി.

ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.

കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നൽകി.

പെൻഷൻ ഉൾപ്പെടെയുള്ളവ കുടിശ്ശിക തീർപ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.

കൊവിഡ് പ്രതിരോധ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഉൾപ്പെടെ മുന്നോട്ടുവന്നു.

ആശുപത്രികളിൽ ഐ സി യു ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്സിജൻ വിതരണവും വർധിപ്പിച്ചു.

ഒന്നാം കൊവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിർണായക പങ്കുവഹിച്ചു.

6.6%സാമ്പത്തിക വളർച്ചയാണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം. എന്നാൽ കൊവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു.

റവന്യു വരുമാനത്തിൽ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് കൊവിഡ് ഭീഷണി ഉയർത്തുന്നു.

കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും.

താഴെത്തട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികൾ തുടരും.

കേരള കൾച്ചറൽ മ്യൂസിയം സ്ഥാപിക്കും

കർഷകർക്കുള്ള വെറ്ററിനറി സേവനങ്ങൾക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാർട്ട് കൃഷി ഭവനുകളാക്കും.

സർക്കാർ സേവനങ്ങൾ മുഴുവൻ ഓൺ ലൈൻ വഴി ലഭ്യമാക്കും. ഒക്ടോബർ രണ്ടിന് പദ്ധതി തുടങ്ങും. 

Related Posts