രാവും പകലുമെന്നില്ലാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജാഗരൂകരായി ജില്ലയിലെ വാര്‍ റൂമുകള്‍.
തൃശ്ശൂർ:
രാവും പകലുമെന്നില്ലാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജാഗരൂകരായിരിക്കുകയാണ് ജില്ലയിലെ വാര്‍ റൂമുകള്‍. കൂട്ടായ ശ്രമങ്ങളിലൂടെ കൊവിഡ് സ്ഥിരീകരണ നിരക്ക് കുറയ്ക്കാന്‍ സാധിച്ചു. ജില്ലയിലെ 87 പഞ്ചായത്തുകളിലും വാര്‍ റൂമുകള്‍ സജീവമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനം, ചികിത്സ, തുടര്‍ സേവനം, എന്നിവ വാര്‍ഡ് തലത്തില്‍ തന്നെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.
വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, ഹോം ഐസൊലേഷന്‍ പരിശോധന, രോഗികള്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും മരുന്നും ഭക്ഷണവും എത്തിച്ച് നല്‍കല്‍, അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍, സുഖവിവരങ്ങള്‍ അന്വേഷിക്കല്‍, ഡിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കല്‍, ഓണ്‍ലൈനായി രജിസ്ട്രേഷന്‍ എന്നിവയാണ് പഞ്ചായത്ത് തല വാര്‍റൂമുകളിലൂടെ നടക്കുന്നത്. ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ഓരോ ഉദ്യോഗസ്ഥര്‍ക്ക് അതത് പഞ്ചായത്ത് തലത്തില്‍ ചുമതല നല്‍കിയിട്ടുണ്ട്. ഇവരുടെ പ്രതിനിധിയാണ് വാര്‍ റൂമില്‍ ഉണ്ടാകുക. ഇവര്‍ക്ക് പുറമെ വാര്‍ഡിലേക്ക് നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐ സി ഡി എസ് പ്രവര്‍ത്തകര്‍, സി ഡി എസ് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, ആര്‍ ആര്‍ ടി അംഗങ്ങള്‍, സന്നദ്ധ സേവകര്‍ എന്നിവരും അംഗങ്ങളാണ്. ഇവരിലൂടെ താഴെത്തട്ടിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞു.
നിലവില്‍ കൊവിഡ് ബാധയുള്ള മേഖലകളുടെ സ്കെച്ചുകള്‍ ഉണ്ടാക്കി ദൈനംദിന വിവരങ്ങള്‍ ശേഖരിച്ചാണ് പ്രവര്‍ത്തനം. വ്യാപനം രൂക്ഷമായ പഞ്ചായത്തുകളില്‍ വാര്‍ റൂം അംഗങ്ങള്‍ക്ക് അമ്പത് വീടുകള്‍ ഉള്‍പ്പെട്ട ക്ലസ്റ്ററുകളുടെ ചുമതല നല്‍കി. ഈ വീടുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, മഴക്കാലപൂര്‍വ ശുചീകരണം, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍, കിണര്‍ ക്ലോറിനേഷന്‍ എന്നിവ നടത്തി. ആവശ്യമായ മാസ്ക്, ഗ്ലൗസ്, ഓക്സിമീറ്ററുകള്‍, വേപ്പറൈസറുകള്‍, പി പി ഇ കിറ്റുകള്‍, സാനിറ്റൈസര്‍ എന്നിവ സംഭരിച്ചു. വാഹന സൗകര്യവും ലഭ്യമാക്കി.
കൊവിഡ് രോഗബാധിതര്‍ക്കും സമ്പര്‍ക്കത്തിലുള്ള ബന്ധുക്കള്‍ക്കും മറ്റും എല്ലാത്തരം സേവനങ്ങളും വാര്‍ റൂമില്‍ ലഭ്യമാണ്. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും വാര്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ പരിഹാരം ലഭിക്കും. കൊവിഡ് ടെസ്റ്റ് സംബന്ധിച്ച ആവശ്യങ്ങള്‍, വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കൗണ്‍സലിങ്, സാമൂഹിക-മാനസികാരോഗ്യം, വൈദ്യ സഹായം എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്കും വാര്‍ റൂമില്‍ ബന്ധപ്പെടാം. കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും കുടുംബത്തിനും മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുക, മാനസിക സമ്മര്‍ദം ഇല്ലാതാക്കുക തുടങ്ങിയവയ്ക്കും പരിഹാരം ലഭിക്കും. വീടുകളില്‍ പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്കും ആംബുലന്‍സുകള്‍ക്കും സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതിനും വാര്‍ റൂം സഹായകമാകുന്നു.
ഒരു പഞ്ചായത്തിന് ഒരു വാര്‍ റൂം എന്ന ഔദ്യോഗിക കണക്കിന് പുറമെ ചില പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ വാര്‍ഡ് തല റൂമുകളും സജീവമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മൂന്നാം തരംഗ ഭീഷണിയെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം വാര്‍ഡുതലങ്ങളിലേക്ക് ഒട്ടുമിക്ക പഞ്ചായത്തുകളും വികേന്ദ്രീകരിച്ചത്. അതത് വാര്‍ഡ് അംഗങ്ങള്‍ക്കാണ് ഇതിന്‍റെ ചുമതല. പ്രാദേശിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഇതുവഴി സാധിച്ചു. പഞ്ചായത്ത് വാര്‍ റൂമില്‍ സജ്ജമാക്കിയ വാഹനസൗകര്യത്തിന് പുറമെ സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. വാര്‍ഡ് തലത്തില്‍ ലഭിക്കുന്ന സഹായങ്ങള്‍ ഉപയോഗിച്ച് പച്ചക്കറി, പലചരക്ക് കിറ്റുകളും വിതരണം ചെയ്തുവരുന്നു. കമ്യൂണിറ്റി കിച്ചണില്‍നിന്നുള്ള ഭക്ഷണം, പോഷകാഹാര വിതരണം എന്നിവയും ഈ വികേന്ദ്രീകൃത സംവിധാനത്തിലൂടെ സാധ്യമാക്കുന്നു. ദിവസേന വാര്‍ഡുതല റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി പഞ്ചായത്ത് തല സംവിധാനത്തിന് കൈമാറും. ആരോഗ്യവിഭാഗത്തിന്‍റെയും പഞ്ചായത്തിലെയും ജീവനക്കാര്‍, ആര്‍ ആര്‍ ടി അംഗങ്ങള്‍, സന്നദ്ധസേന അംഗങ്ങള്‍ എന്നിവര്‍ സജീവമായി രംഗത്തുണ്ട്.