റോഡുകളിലെ തടസ്സങ്ങൾ കണ്ടുപിടിക്കാൻ 'ഓപ്പറേഷൻ പാത്ത് വേ'യുമായി മോട്ടോർ വാഹന വകുപ്പ്.
തൃശ്ശൂർ :
ജില്ലയിലെ റോഡുകളിൽ അപകടമുണ്ടാക്കുന്ന തരത്തിലുള്ള എല്ലാ തടസ്സങ്ങളും കണ്ടുപിടിച്ച് നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. 'ഓപ്പറേഷൻ ക്ലിയർ പാത്ത് വേ' എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ റോഡുകളിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാനുള്ള ഡ്രൈവ് ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ മാർക്കാണ് ഇതിന്റെ ചുമതല. റോഡപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
ഓപ്പറേഷൻ ക്ലിയർ പാത്ത് വേ പ്രകാരം ജില്ലയിൽ നടത്തിയ ഡ്രൈവിൽ 321 വാഹനങ്ങൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതര കുറ്റകൃത്യങ്ങൾക്ക് 182 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 3,34,950 രൂപയാണ് ഈ ഇനത്തിൽ പിഴ ഈടാക്കിയത്. 50 ഉദ്യോഗസ്ഥരെയാണ് ഡ്രൈവിനായി ജില്ലയിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ ഡ്രൈവ് തുടരുമെന്ന് തൃശൂർ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ ബിജു ജയിംസും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (എൻഫോഴ്സ്മെൻറ്) ജെയിംസ് എംപിയും അറിയിച്ചു.
ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നരീതിയിൽ റോഡിലും പുരയിടങ്ങളിലും നിൽക്കുന്ന മരങ്ങൾ, ബോർഡുകൾ, ശ്രദ്ധതിരിക്കുന്ന പരസ്യബോർഡുകൾ, റോഡിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ ബോർഡുകൾ, വഴിയരികിൽ ഇറക്കിയിട്ടിരിക്കുന്ന നിർമാണസാമഗ്രികൾ, കൈയേറ്റങ്ങൾ തുടങ്ങിയവ പൊതുജനങ്ങളുടെകൂടി സഹകരണത്തോടെയായിരിക്കും കണ്ടെത്തുക. ഇതിന്റെ ചിത്രങ്ങളും റിപ്പോർട്ട് ചെയ്യാനായി എടുക്കും. അതത് പ്രദേശങ്ങളിലുള്ള തടസ്സങ്ങളറിയിക്കാൻ പൊതുജനങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ബന്ധപ്പെടാം.
എൻഫോഴ്‌സ്‌മെന്റ് വിഭാഗം തയ്യാറാക്കുന്ന റിപ്പോർട്ടും ചിത്രങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്ത് വകുപ്പ് എന്നിവയ്ക്കും ബന്ധപ്പെട്ട മറ്റ് അധികൃതർക്കും കൈമാറി വേണ്ടനടപടി സ്വീകരിക്കാൻ ആവശ്യപ്പെടും. ജില്ലാ റോഡുസുരക്ഷാ കൗൺസിൽ, പ്രാദേശിക ട്രാഫിക് ക്രമീകരണ കമ്മിറ്റികൾ എന്നിവയ്ക്കും അറിയിപ്പ് നൽകും. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഫുട്‌പാത്തിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരേയും കർശനനടപടിയെടുക്കും.