ലോക്‌നാഥ്‌ ബെഹ്‌റ ബുധനാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും.

ബുധനാഴ്ച സര്‍വീസില്‍ നിന്നു വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം സമ്മാനിച്ചു.

തിരുവനന്തപുരം:

സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ബുധനാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും. ഒഡിഷയിലെ ബെർഹംപുർ സ്വദേശിയായ ബെഹ്‌റ 1985 ബാച്ച്‌ ഐ പി എസ്‌ ഓഫീസറാണ്‌. എൻ ഐ എയിലും സി ബി ഐയിലും 15 വർഷം സേവനം ചെയ്‌തു. കോളിളക്കം സൃഷ്‌ടിച്ച ഒട്ടേറെ കേസുകൾ അന്വേഷിച്ച്‌ തെളിയിച്ചിട്ടുണ്ട്‌. കേരള പൊലീസിന്‌ ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ചാണ്‌ അദ്ദേഹം പടിയിറങ്ങുന്നത്‌. പൊലീസ്‌ മേധാവിയായ ശേഷമാണ്‌ പെരുമ്പാവൂർ ജിഷ കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ അറസ്‌റ്റ്‌ ചെയ്‌തത്‌.  

കേരള പൊലീസ്‌ മേധാവിയായതോടെ സ്‌ത്രീ സുരക്ഷയ്‌ക്കായി പദ്ധതികൾ നടപ്പാക്കി‌. പിങ്ക്‌ പൊലീസും വനിതാ ബറ്റാലിയനും ആരംഭിച്ചു. വനിതകൾക്ക്‌‌ കമാൻഡോ വിങ്ങും തുടങ്ങി. സ്വയം പ്രതിരോധ പദ്ധതിയിലൂടെ ആറ്‌ ലക്ഷം സ്‌ത്രീകൾക്കാണ്‌‌ പരിശീലനം നൽകിയത്‌. പൊലീസ്‌ സ്‌റ്റേഷനുകളിൽ ഇൻസ്‌പെക്ടർമാരെ എസ്‌ എച്ച്‌ ഒ ആക്കി.

1987ൽ ആലപ്പുഴ എ എസ്‌ പിയായാണ്‌  ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. കണ്ണൂർ എസ്‌ പി, തിരുവനന്തപുരം സിറ്റി ഡി സി പി, കൊച്ചി സിറ്റി കമീഷണർ, പൊലീസ്‌ ആസ്ഥാനം ഐ ജി, മോഡനൈസേഷൻ എ ഡി ജി പി, ജയിൽ മേധാവി, ഫയർഫോഴ്‌സ്‌ മേധാവി, വിജിലൻസ്‌ ഡയറക്ടറായും  സേവനമനുഷ്‌ഠിച്ചു. സി ബി ഐയിൽ എസ്‌ പി,  ഡി ഐ ജി, എൻ ഐ എ സ്ഥാപക ഐജി എന്നീ നിലകളിലും പ്രവർത്തിച്ചു‌.  ഐ പി എസ്‌ ലഭിക്കും മുമ്പ്‌ ഒ എൻ ജി സിയിൽ ഉദ്യോഗസ്ഥനായിരുന്നു. സി ബി ഐയിലായിരിക്കുമ്പോൾ ബാബ്‌റി മസ്‌ജിദ്‌ തകർത്ത കേസ്‌ അന്വേഷിച്ചു‌. പുരുലിയ ആയുധകേസ്‌, മുംബൈ‌ സ്ഫോടനം‌, പഞ്ചാബിലെ വിദ്യാഭ്യാസ തട്ടിപ്പ്‌ കേസും അന്വേഷിച്ചു.‌ എൻ ഐ എയുടെ സ്ഥാപക അംഗമായിരിക്കെ  നടപടിക്രമങ്ങൾ (എസ്‌ഒപി) തയ്യാറാക്കി‌. മധുമിതയാണ്‌  ഭാര്യ. മകൻ അനിതേജ്‌ നയൻ ഗോപാൽ.

Related Posts