ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ കൂരിക്കുഴി പേസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
കൂരിക്കുഴി:
ലക്ഷദ്വീപിലെ വിവാദ നടപടികൾക്കെതിരെയും പെട്രോൾ, ഡീസൽ വില വർധനവിനെതിരെയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ കൂരിക്കുഴി പേസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ കെ അഫ്സൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് ജനതയുടെ ഐക്യത്തേയും സാംസ്കാരിക തനിമയേയും തകർക്കാനുള്ള ഫാഷിസ്റ്റ് പ്രവണതയെ ചെറുത്തു തോൽപിക്കുമെന്നും ദ്വീപ് നിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ അഡ്മിനിസ്ട്രേറ്ററുടെ കടന്ന് കയറ്റം അനുവദിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനവിലൂടെ ചരക്കുകടത്ത് സാമ്പത്തിക ചെലവ് ഉയരുന്നതോടെ അവശ്യ സാധനങ്ങളുടെ വിലയും വർധിക്കും.നിലവിൽ കൊവിഡ് മഹാമാരിയുടെ കാലത്ത് സാധാരണ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന പ്രവണതയാണ് മോഡി സർക്കാർ ചെയ്യുന്നതെന്നും ഇതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അഫ്സൽ ആവശ്യപ്പെട്ടു.
സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കെ എം വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ഐ ടി യു താലൂക്ക് കമ്മിറ്റി അംഗം ടി എച്ച് ഹാരിഷ് വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി എസ് മുഹമ്മദ് ഫയാസ്, എ ബി സുനിൽ, കെ എ ഷറഫുദ്ദീൻ, പി യു നിഷാദ്, ടി എം മൻസൂർ, എ ഐ ടി യു സി പഞ്ചായത്ത് സെക്രട്ടറി സോമൻ കോതങ്ങത്ത് എസ് ടി യു നേതാവ് ടി കെ ഉബൈദു എന്നിവർ സംസാരിച്ചു.