ജില്ലയിൽ കൊവിഡ് വാക്സിനേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്.
വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കും; ജില്ലാ കലക്ടർ.
തൃശൂർ:
കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. ഇനിയും വാക്സിൻ എടുക്കാത്തവർക്ക് അതിനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കലക്ടർ ഡി എം ഒയോട് നിർദ്ദേശിച്ചു. ട്രൈബൽ മേഖലകൾ, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ 18 നും 44 നും ഇടയിൽ വാക്സിൻ എടുക്കാത്തവർക്ക് ഈയാഴ്ച തന്നെ അതെടുക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിനായി വ്യക്തമായ ലിസ്റ്റ് തയ്യാറാക്കാൻ വകുപ്പ് മേധാവികൾക്ക് കലക്ടർ നിർദ്ദേശം നൽകി.
കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനിൽക്കെ ശേഷിക്കുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കും. ട്രാൻസ്ജെൻ്റർ വിഭാഗത്തിലുള്ള ജില്ലയിലെ മുഴുവൻ പേർക്കും ക്യാമ്പ് നടത്തി വാക്സിൻ നൽകും. ഹോട്ടൽ, റസ്റ്റോറൻ്റ് ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാക്കുന്നതിനായി ഫുഡ് സേഫ്റ്റി ഓഫീസർമാർക്ക് നിർദേശം നൽകും.
കൊവിഡ് പ്രതിരോധ മുന്നണിപ്പോരാളികളിലും സർക്കാർ ജീവനക്കാരിലും വാക്സിൻ എടുക്കാത്തവർക്ക് ഉടൻ അതു ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ ലിസ്റ്റ് നൽകണമെന്നും കലക്ടർ നിർദ്ദേശിച്ചു.
ക്ഷേത്രത്തിലെ പൂജാരിമാർ, പള്ളി, മസ്ജിദുകളിലെ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവരിൽ വാക്സിനെടുക്കാത്തവർക്കും വാക്സിൻ ഉടൻ ലഭ്യമാക്കുമെന്നും കലക്ടർ അറിയിച്ചു. ഡി എം ഒ, കെ ജെ റീന യോഗത്തിൽ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.