വാക്‌സിൻ എടുത്ത ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി അന്താരാഷ്ട്ര സർവീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ്.

നെടുമ്പാശ്ശേരി:

കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി അന്താരാഷ്ട്ര സർവീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ്. വെള്ളിയാഴ്ച ഡൽഹി-ദുബായ് വിമാനമാണ് ഈ സർവീസ് നടത്തിയത്. രാവിലെ 10.40-ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട ഐ എക്സ് 191 വിമാനത്തിലെ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും രണ്ട് ഡോസ് കൊവിഡ് വാക്‌സിനും ലഭിച്ചിരുന്നു. ക്യാപ്റ്റന്മാരായ ഡി ആർ ഗുപ്ത, അലോക് കുമാർ നായക് എന്നിവർ നിയന്ത്രിച്ച വിമാനത്തിൽ വെങ്കട്ട് കെല്ല, പ്രവീൺ ചന്ദ്ര, പ്രവീൺ ചൗഗലെ, മനീഷ കാംബ്ലെ എന്നിവരായിരുന്നു ക്രൂ അംഗങ്ങൾ. ഇതേ സംഘം ദുബായ്-ജയ്‌പുർ-ഡൽഹി റൂട്ടിൽ തിരികെ വിമാനം പറത്തുകയും ചെയ്തു. കഴിഞ്ഞ വർഷം കൊവിഡ്-19 വ്യാപനത്തെ തുടർന്ന് പ്രവാസികളായ ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കിയ വന്ദേഭാരത് മിഷനിൽ എയർ ഇന്ത്യ എക്സ്പ്രസ് ഭാഗമായി. കഴിഞ്ഞ മാസം വരെ 1.63 ദശലക്ഷം യാത്രക്കാരുമായി പറന്നിരുന്നു.

എല്ലാ ക്രൂ അംഗങ്ങൾക്കും മുൻനിര സ്റ്റാഫുകൾക്കും ഞങ്ങൾ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. ഞങ്ങൾക്കൊപ്പം പറക്കുന്ന യാത്രക്കാർക്കും ഈ നടപടി സുരക്ഷിതത്വവും ഉറപ്പും നൽകുന്നു - എയർ ഇന്ത്യ എക്സ്പ്രസ് പത്രക്കുറിപ്പിൽ പറഞ്ഞു.

Related Posts