വടക്കാഞ്ചേരിയുടെ തെരുവുകളിൽ നിലാവ് പരക്കുന്നു.

കേരള സര്‍ക്കാരിന്‍റ 'നിലാവ്' തെരുവ് വിളക്ക് പദ്ധതിയിൽ വെളിച്ചത്തിൽ മുങ്ങി വടക്കാഞ്ചേരിയുടെ കവലകളും വീഥികളും.

വടക്കാഞ്ചേരി:

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള  സ്ട്രീറ്റ്ലൈറ്റുകളില്‍ എൽ ഇ ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് നിലാവ്.

വടക്കാഞ്ചേരി നഗരസഭയിലെ പ്രധാന ഹൈവേകളായ അത്താണി മുതല്‍ അകമല വരെയുള്ള റോഡ്, കുന്നംകുളം റോഡ്, വാഴാനി റോഡ്, കുമ്പളങ്ങാട് റോഡ്, മെഡിക്കല്‍ കോളേജ് റോഡ്, കുറാഞ്ചേരി മുണ്ടത്തിക്കോട് റോഡ് എന്നീ പ്രധാന പാതകളിലാണ് ആദ്യഘട്ടത്തിൽ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, ഇ ഇ എസ് എല്ലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കിഫ്ബി വഴിയാണ് ഇതിന് ഫണ്ട് ഒരുക്കിയിരിക്കുന്നത്. ബള്‍ബുകള്‍ സ്ഥാപിക്കുന്നതും തെരുവ് വിളക്കുകളുടെ വാര്‍ഷിക അറ്റകുറ്റപണിയുടെ ചുമതല വഹിക്കുന്നതും കെ എസ് ഇ ബി ആണ്. പദ്ധതിക്ക് ആകെ 80,22,000 രൂപയാണ് പ്രാഥമിക ചെലവായി വകയിരുത്തിയിട്ടുള്ളത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ചെലവുകള്‍ 7 തുല്യ ഗഡുക്കളായി വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്നും ഈടാക്കും. വിഹിതം ബാക്കി വരുന്നതിനനുസരിച്ച്   ഉള്‍റോഡുകളിലും ലൈറ്റ് സ്ഥാപിക്കൽ ആരംഭിക്കും.

എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതോടെ തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങള്‍ ഇതുവരെ വൈദ്യുത ചാര്‍ജ്ജിനത്തില്‍ കെ എസ് ഇ ബിക്ക്  നല്‍കിയിരുന്ന തുകയില്‍ വന്‍കുറവ് സംഭവിക്കും. കറന്‍റ് ഉപയോഗം കുറയുകയും വെളിച്ചം കൂടുകയും ചെയ്യുന്നതോടൊപ്പം കാര്‍ബൺ എമിഷന്‍ കുറയുകയും ചെയ്യുന്നു എന്നതാണ് പൂർണമായും എൽ ഇ ഡി ഉപയോഗിച്ചുള്ള  നിലാവ് പദ്ധതിയുടെ പ്രധാന ആകർഷണം.

ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുന്‍പിൽ സ്ഥാപിച്ച എൽ ഇ ഡി ബള്‍ബ് തെളിയിച്ച് ചെയര്‍മാന്‍ പി എൻ സുരേന്ദ്രന്‍ നിലാവ് പദ്ധതിൽ വടക്കാഞ്ചേരിയിലെ പ്രവർത്തനങ്ങളുടെ സ്വിച്ച്‌ ഓൺ നിര്‍വ്വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി  ചെയര്‍പേഴ്സണ്‍ ഷീല മോഹനന്‍, നഗരസഭാ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനൂപ് കിഷോര്‍, ജെമീലാബി, സ്വപ്ന ശശി,  കൗണ്‍സിലര്‍മാരായ കെ യു പ്രദീപ്, കെ എ ഫിറോസ്, വിജീഷ്, ഷീല മുരളി, എ ഡി അജി, നഗരസഭാ സെക്രട്ടറി എന്നിവര്‍ സ്വിച്ച് ഓൺ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

Related Posts