വോട്ടെണ്ണൽ; ആഹ്ലാദപ്രകടനങ്ങൾക്ക് വിലക്ക്.

വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.

ന്യൂഡൽഹി:

കോവിഡ് സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. വോട്ടെണ്ണൽ ദിനത്തിലും ശേഷവും പ്രകടനങ്ങൾ വിലക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നിർദ്ദേശം.

മേയ് രണ്ടിന് വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന് കമ്മീഷൻ നിർദേശിച്ചു.

തിരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിലക്ക് ബാധകമാണ്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് രണ്ടാംതരംഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടെണ്ണൽ ദിനത്തിൽ ആൾക്കൂട്ടം ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

Related Posts