വീട്ടിലിരുന്നുള്ള ഒറ്റപ്പെടലിന് വിട, റിഫ്രഷ്മെന്റ് വെബിനാറുകയുമായി ഗുരുവായൂർ നഗരസഭ.

ഗുരുവായൂർ നഗരസഭ കൊവിഡ് വാർ റൂമിന്റെ നേതൃത്വത്തിൽ വിവിധ മാനസികോല്ലാസ പരിപാടികൾക്ക് തുടക്കമായി.

ഗുരുവായൂർ:

കഴിഞ്ഞ ഒന്നര വർഷമായി കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടിനുള്ളിൽ തന്നെ കഴിയുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. എന്നാൽ പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും 60 വയസ്സിന് മുകളിലുള്ള വയോജനങ്ങളുമാണ് അധികമായി ഇത്തരത്തിൽ വീട്ടിൽ തളയ്ക്കപ്പെട്ടത്. വിദ്യാലയങ്ങളിൽ പോകാനാകാതെയും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാനാകാതെയെല്ലാം മാനസികമായി ഒറ്റപ്പെട്ട അവസ്ഥയിലുള്ള ഇവർക്ക് കൈത്താങ്ങാവുകയാണ് ഗുരുവായൂർ നഗരസഭ വെബിനാർ സീരീസിലൂടെ. 'അകന്നിരുന്ന് കൂട്ടുകൂടാം' എന്ന ആശയത്തോടെ 5 വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കും 'അരികെ' എന്ന പേരിൽ വയോജനങ്ങൾക്കായും മാനസികോല്ലാസ പരിപാടികൾ വെബിനാർ സീരീസുകളായി നഗരസഭ സംഘടിപ്പിച്ചുവരുന്നു.

നഗരസഭാ ചെയർമാൻ എം കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ നഗരസഭാ ഹെൽപ്പ് ഡെസ്ക്കിലൂടെ ദിവസവും വൈകീട്ട് കൂട്ടുകൂടാൻ ആളുകൾ ഓൺലൈനായി വീടുകളിലെത്തും. വൈകിട്ട് 5 മണിക്ക് കുട്ടികളോടൊത്തും 7ന് വയോജനങ്ങൾക്കുമാണ് സെഷനുകൾ. ലോക്ഡൗൺ മൂലം ദീർഘനാളായി കൂട്ടുകൂടലുകളും കളികളും നിയന്ത്രിക്കപ്പെട്ടതിന്റെ സമ്മർദ്ദത്തിലായിരുന്ന കുഞ്ഞുങ്ങൾ വെബിനാറിൽ വാചാലരായി.  വയോജനങ്ങൾക്കുള്ള 'അരികെ' എന്ന മാനസികോല്ലാസ പരിപാടിയിൽ പദ്മശ്രീ കലാമണ്ഡലം ഗോപി, ചലച്ചിത്രതാരം ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരും പങ്കെടുക്കുന്നുണ്ട്.

Related Posts