വീട്ടിലെ വരുമാനമുള്ള ഏക വ്യക്തി കൊവിഡ് മൂലം മരിച്ച കുടുംബങ്ങള്‍ക്ക് ധനസഹായം.

ചാവക്കാട്:

ചാവക്കാട് നഗരസഭയിലെ ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ വരുമാനമുള്ള ഏക വ്യക്തി കൊവിഡ് മൂലം മരിച്ചാല്‍ കുടുംബത്തിന് ചെയര്‍മാന്‍സ് റിലീഫ് ഫണ്ടില്‍ നിന്നും 10,000 രൂപ സാമ്പത്തിക സഹായം. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസം എന്ന നിലയിലാണ് സഹായം നല്‍കുന്നത്.

കൂടാതെ നഗരസഭയുടെ പി സി കനാലിലെ തിരുവത്ര (പുതിയറ) മൂവിംഗ് ബ്രിഡ്ജിന്‍റെ അറ്റകുറ്റ പണികള്‍ അടിയന്തരമായി നടത്തുന്നതിനും തീരുമാനമായി. അതിന്‍റെ ഭാഗമായി എറണാകുളം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡ്രെഡ്ജര്‍ സബ് ഡിവിഷന്‍റെ 1,10,000 രൂപയുടെ എസ്റ്റിമേറ്റ് കൗണ്‍സില്‍ അംഗീകരിച്ചു. ചാവക്കാട് കുടുംബകോടതിയും മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രൈബ്യൂണലും സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി പുതിയ കോര്‍ട്ട് കോംപ്ലക്സ് നിലവില്‍ വരുന്നത് വരെ മുതുവട്ടൂരിലെ ചാവക്കാട് നഗരസഭാ ലൈബ്രറി കെട്ടിടത്തിലെ മുകളിലെ നില താല്‍കാലികമായി വിട്ടു നല്‍കും.

ഓണ്‍ലൈന്‍ യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി, വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts