വാട്ട്സ്ആപ്പ് സ്വകാര്യതയിൽ നിയന്ത്രണങ്ങൾ വേണമെന്ന് കേന്ദ്രസർക്കാർ.

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിനോടൊപ്പം ചില നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും ഐടി വകുപ്പ്.

ന്യൂഡൽഹി:

പൗരന്മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ അത് ചില നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും പുതിയ ഐടി നിയമ മാർഗനിർദേശങ്ങൾ പാലിക്കുന്നതിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തിൽ വാട്ട്സ്ആപ്പിന് മറുപടിയുമായി കേന്ദ്രസർക്കാർ.

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഇന്ത്യൻ സർക്കാരിന്റെ കടമയാണ്. അതേസമയം രാജ്യത്തെ നിയമവ്യവസ്ഥകൾ പാലിച്ച് ദേശീയ സുരക്ഷ ഉറപ്പാക്കാനും സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. അത് ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദേശത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ആവശ്യപ്പെടുന്നത് രാജ്യസുരക്ഷയേയും പൊതു നിയമങ്ങളേയും വിദേശ രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ സൗഹൃദത്തേയും ബാധിക്കുന്ന ചില കാര്യങ്ങൾ തടയാനും കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനുമാണ്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ഇതിൽ ഉൾപ്പെടുന്നു. അത് സ്വകാര്യത ലംഘനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതൽ സാമൂഹിക മാധ്യമങ്ങൾക്ക് ഇന്ത്യൻ സർക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുന്നതാണ് പുതിയ ഐടി നിയമത്തിലെ മാർഗനിർദേശം. എന്നാൽ ഈ നിർദേശം പാലിക്കുന്നത് വാട്സ് ആപ്പ് ഉപയോക്താവിന്റെ സ്വകാര്യതാ ലംഘനമാണെന്നാണ് വാട്സ് ആപ്പ് വാദിക്കുന്നത്.

ഇന്ത്യൻ സർക്കാരിന്റെ മാർഗനിർദേശം ഭരണഘടന വിരുദ്ധമാണെന്നും ഉപയോക്താക്കളുടെ സ്വകാര്യത അവകാശത്തിന്റെ ലംഘനമാണെന്നും വാട്സ്ആപ്പ് ചൂണ്ടിക്കാട്ടുന്നു. ആളുകളുടെ സുരക്ഷക്കായി സർക്കാരുമായി സഹകരിക്കാറുണ്ടെന്നും വാട്സ് ആപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Related Posts