വെണ്ണൂര്‍ തുറ നവീകരണം വിവിധ ഘട്ടങ്ങളായി പൂര്‍ത്തീകരിക്കും.

തൃശൂർ:

ജല രക്ഷ ജീവ രക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അന്നമനട പഞ്ചായത്തിലെ വെണ്ണൂര്‍ തുറയുടെ നവീകരണം വിവിധഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കും. വെണ്ണൂര്‍ തുറ നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റരുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിലാണ് തീരുമാനം. തുറ നവീകരണവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കും. ഇതിന്‍റെ ഭാഗമായി കൃഷി, ജലസേചനം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകള്‍ രണ്ടാഴ്ചക്കുള്ളില്‍ സ്ഥലം സന്ദര്‍ശിച്ച് നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളുടെ പ്ലാന്‍ തയ്യാറാക്കും.

വെണ്ണൂര്‍ തുറയുടെ ഭാഗമായി വരുന്ന 3.23 ഹെക്ടര്‍ പ്രദേശത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. വിവിധ വകുപ്പുകളുടെയും മറ്റും സഹായത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് അന്നമനട പഞ്ചായത്ത് ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മാള, അന്നമനട, കുഴൂര്‍, കൊരട്ടി, കാടുകുറ്റി എന്നി അഞ്ചു പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന വെണ്ണൂര്‍ തുറയുടെ രണ്ടാംഘട്ട നവീകരണത്തിന് മുന്നോടിയായി തുറയില്‍ അടിഞ്ഞു കൂടിയ ചെളി, എക്കല്‍, പായാല്‍ തുടങ്ങിയവ എടുത്തുമാറ്റും. തുറയുടെ ഇരുവശങ്ങളിലുമായി കരിങ്കല്‍ ഭിത്തികൊണ്ടും കയര്‍ ഭൂവസ്ത്രം കൊണ്ടും സംരക്ഷണമൊരുക്കും. അഞ്ചു പഞ്ചായത്തിലെയും കൃഷിക്കും കുടിവെള്ളത്തിനും ജലസേചന സൗകര്യങ്ങള്‍ക്കും സഹായകമാകുന്നതാണ് വെണ്ണൂര്‍തുറ. അന്നമനട പഞ്ചായത്തിലെ വെണ്ണൂ പാടം എസ് സി കോളനിയിലേക്കുള്ള പ്രധാന കുടിവെള്ള ശ്രോതസും ഈ തുറയാണ്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് തുറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക.

യോഗത്തില്‍ കലക്ടര്‍ എസ് ഷാനവാസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ ശ്രീലത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി കെ വിനോദ്, സിന്ധു അശോക്, പ്രിന്‍സി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts