വിദേശത്ത് പോകുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഞായറാഴ്ച മുതൽ.

നേരത്തേ സർട്ടിഫിക്കറ്റ് എടുത്തവർ പഴയ സർട്ടിഫിക്കറ്റ് റദ്ദാക്കി വേണം പുതിയതിന് അപേക്ഷിക്കാൻ.

തിരുവനന്തപുരം:

വിദേശത്ത് പോകുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഞായറാഴ്ച മുതൽ നൽകി തുടങ്ങും. സംസ്ഥാന സർക്കാർ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയതിയും കൂടി ചേർക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

നേരത്തേ സർട്ടിഫിക്കറ്റ് എടുത്തവർ https://covid19.kerala.gov.in/vaccine/ എന്ന പോർട്ടലിൽ പ്രവേശിച്ച് പഴയ സർട്ടിഫിക്കറ്റ് റദ്ദാക്കി വേണം പുതിയതിന് അപേക്ഷിക്കാൻ. മുമ്പ് ബാച്ച് നമ്പറും തീയതിയുമുള്ള കോവിൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർ അത് പോർട്ടലിൽ അപ്ലോഡ് ചെയ്യണം. കോവിൻ പോർട്ടലിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ വാക്സിൻ എടുത്ത കേന്ദ്രത്തിൽനിന്നു ബാച്ച് നമ്പറും തീയതിയും കൂടി എഴുതിവാങ്ങിയ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. അപേക്ഷ പരിശോധിച്ച് തീയതിയും ബാച്ച് നമ്പറുമുള്ള പുതിയ സർട്ടിഫിക്കറ്റ് നൽകും. ഇത് പോർട്ടലിൽനിന്നു ഡൗൺലോഡ് ചെയ്യാം. ഇപ്പോൾ, വാക്സിനെടുത്ത് വിദേശത്ത് പോകുന്നവർക്ക് ഉടൻ സർട്ടിഫിക്കറ്റ് നൽകാനുള്ള ക്രമീകരണങ്ങൾ പോർട്ടലിൽ വരുത്തിയിട്ടുണ്ട്. വാക്സിൻ നൽകിക്കഴിയുമ്പോൾ വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, സർട്ടിഫിക്കറ്റ് നമ്പർ അടങ്ങിയ എസ്.എം.എസ്. ലഭിക്കും. ഉടൻ പോർട്ടലിൽനിന്നു സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. സംശയങ്ങൾക്ക്: 1056, 104.

Related Posts