വിനോദ സഞ്ചാരികളെ വരവേൽക്കാൻ ആരാമം പദ്ധതിയുമായി തെക്കുംകര.
തെക്കുംകര:
വിനോദ സഞ്ചാരികളെ വരവേൽക്കാൻ ആരാമം പദ്ധതിയുമായി തെക്കുംകര പഞ്ചായത്ത്. ഏറെ ആകർഷകമായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളുടെ സൗന്ദര്യവൽകരണത്തിനായാണ് 'ആരാമം' പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. വാഴാനിയിലേക്ക് വരുന്ന സഞ്ചാരികൾക്ക് നയനമനോഹര കാഴ്ച നൽകുന്ന വിവിധ വർണപുഷ്പങ്ങളാലും പുൽമേടുകളാലും അലങ്കാര ചെടികളാലും പാതയോരങ്ങൾ ഹരിതാഭമാക്കുന്ന പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ വാഴാനി മുതൽ കാക്കിനിക്കാട് വരെയുള്ള പാതയോരമാണ് സൗന്ദര്യവൽകരിക്കുന്നത്.
തെക്കുംകര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഭാവിയിൽ കോവിഡാനന്തര കാലത്ത് വിനോദ സഞ്ചാര മേഖല സജീവമാകുന്ന നാളുകളിൽ മണ്ഡലത്തിലെ ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് മുതൽകൂട്ടാവുന്ന പദ്ധതിയാണ് ഇത്.
വാഴാനി ഡാം പരിസരത്ത് നടന്ന ചടങ്ങിൽ അലങ്കാരച്ചെടി നട്ടുകൊണ്ട് എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി വി സുനിൽകുമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ഉമാലക്ഷ്മി, സെക്രട്ടറി അരുൺ ജോൺ ടി തുടങ്ങിയവർ സംസാരിച്ചു.