വ്യത്യസ്തരായി ചെന്ത്രാപ്പിന്നിയിലെ സി പി ഐ എം പ്രവർത്തകർ.

കൊവിഡ്‌ കാലത്ത്‌ ദുരിതത്തിലായവരെ സഹായിക്കാൻ വ്യത്യസ്‌തമായ വഴി കണ്ടുപിടിച്ച് ചെന്ത്രാപ്പിന്നി ഈസ്‌റ്റിലെ സി പി ഐ എം പ്രവർത്തകർ.

കയ്പമംഗലം:

കൊവിഡ്‌ കാലത്ത്‌ ദുരിതത്തിലായവരെ സഹായിക്കാൻ വ്യത്യസ്‌തമായ മാർഗങ്ങളാരായുകയാണ്‌ നാടെങ്ങും. അടച്ചു പൂട്ടലിന്റെ മൂർധന്യത്തിൽ പലയിടത്തും ലക്ഷങ്ങളുടെ പച്ചക്കറിയും പലചരക്കുമാണ്‌ സൗജന്യമായി ജില്ലയിലെമ്പാടും വിതരണം ചെയ്യുന്നത്‌. ഇതിനിടയിൽ വ്യത്യസ്തരാകുകയാണ് ചെന്ത്രാപ്പിന്നിയിലെ സിപിഐ എം പ്രവർത്തകർ. കൊവിഡ്‌ പ്രതിസന്ധിയിൽ മാങ്ങയും, ചക്കയും, തേങ്ങയും പറിക്കാനാവാതെ ബുദ്ധിമുട്ടിയ കർഷകർക്ക്‌ മുന്നിലേക്ക്‌ ഇവ പറിച്ചു നൽകാമെന്നും പ്രതിഫലവും നൽകേണ്ടതില്ലെന്നും, പകരം പറിച്ചെടുക്കുന്നതിൽ ഒരു വിഹിതം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക്‌ സംഭാവനയായി നൽകണം എന്ന അഭ്യർഥനയുമായിട്ടായിരുന്നു സിപിഐ എം പ്രവർത്തകരെത്തിയത്‌. വലിയ പ്രതികരണമാണ്‌ ഈ അഭ്യർഥന ഉണ്ടാക്കിയത്‌. പലരും പറിച്ചെടുത്ത ചക്കയും മാങ്ങയും ഏതാണ്ട്‌ പൂർണമായിത്തന്നെ സംഭാവനയായി നൽകി. മറ്റു ചിലരാകട്ടെ ഇതിനു പുറമെ വീട്ടു വളപ്പിലെ കാച്ചിലും കായയും ചേനയും ചേമ്പും മത്തങ്ങയും കുമ്പളങ്ങയും, വാഴക്കൂമ്പും, ഉണ്ണിപ്പിണ്ടിയും മുരിങ്ങാക്കായും, പച്ചമുളകും നൽകി. നൂറോളം കിറ്റുകൾ ലക്ഷ്യമിട്ട്‌ തുടങ്ങിയ പദ്ധതി ഇപ്പോൾ ആയിരത്തിനടുത്തായി. ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ വിതരണം. ആയിരക്കണക്കിന്‌ ചക്കയും മാങ്ങയും നാളികേരവും ഇതിനകം നൽകിക്കഴിഞ്ഞു. ഇതുപോലുള്ള നൂറുകണക്കിന്‌ പേരുടെ സഹായമാണ്‌ ആവേശമെന്ന്‌ സിപിഐ എം പ്രവർത്തകർ പറഞ്ഞു.

Related Posts