വ്യാപാരി വ്യവസായി ഏകോപന സമിതി സമരരംഗത്തേക്ക്.
തൃശ്ശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരരംഗത്തേക്ക്. ബക്രീദിനു ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരരംഗത്തേക്ക് തിരിയുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്തിയേ മതിയാവൂ. ഇക്കാര്യത്തിൽ നേരത്തേ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടുപോയത്. വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ പറഞ്ഞു. ഓഗസ്റ്റ് രണ്ടു മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്താനും ഓഗസ്റ്റ് ഒമ്പതു മുതൽ സംസ്ഥാന വ്യാപകമായി എല്ലാ കടയും തുറക്കാനും തൃശ്ശൂരിൽ ചേർന്ന സംസ്ഥാനസമിതി യോഗത്തിൽ ധാരണയായിട്ടുണ്ട്. കടകൾ തുറക്കുമ്പോൾ പോലീസിനെ ഉപയോഗിച്ച് നേരിട്ടാൽ സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ മരണംവരെ നിരാഹാരസമരം നടത്തുമെന്നും നസറുദ്ദീൻ അറിയിച്ചു.