വരുമാനം തുച്ഛം; സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തുന്നു.

സ്വകാര്യ ബസ്സുകൾ മെയ് ഒന്ന് മുതൽ സർവീസ് നിർത്തുന്നു.

തിരുവനന്തപുരം:

കൊവിഡ് കാലത്ത് ഒരുപാട് പ്രതിസന്ധി നേരിടേണ്ടി വന്നവരാണ് ബസ്സുടമകളും തൊഴിലാളികളും. ബസ് സർവീസ് പുനരാരംഭിച്ചുവെങ്കിലും കൊവിഡ് രണ്ടാം തരംഗം വീണ്ടും ബസ്സുടമകൾക്ക് ഒരു തിരിച്ചടിയായിരിക്കുകയാണ്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ മെയ് ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. നിയന്ത്രണങ്ങളും കണ്ടെയ്ൻമെന്റ് സോണുകളും കാരണം യാത്രക്കാർ കുറഞ്ഞതോടെ ദിവസ ചിലവിന് പോലും വരുമാനം തികയാത്ത അവസ്ഥയിൽ ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടാനുള്ള അപേക്ഷ) നല്‍കി ബസുകള്‍ നിർത്താൻ ബസ്സുടമകളുടെ യോഗം തീരുമാനിച്ചു.

ഏപ്രില്‍, മെയ്, ജൂണ്‍ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും നടപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കിയ രീതിയില്‍ നിലവിലെ ക്വാര്‍ട്ടര്‍ ടാക്‌സ് കൂടി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമേ കുറച്ചു ബസുകള്‍ക്കെങ്കിലും സര്‍വീസ് നടത്താന്‍ സാധിക്കൂ. നിലവിലെ നികുതി അടയ്‌ക്കേണ്ട അവസാന തീയതി മെയ് 15 ആണ്.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു തീരുമാനവും ഇല്ലാത്തത്തിനാലാണ് ബസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുന്നതെന്നും ബസ്സുടമകള്‍ അറിയിച്ചു.

Related Posts