വെറുതെ കിടക്കുന്ന ദേവസ്വം ഭൂമികൾ കൃഷിയോഗ്യമാക്കും; മന്ത്രി കെ രാധാകൃഷണൻ.
തൃശ്ശൂർ:
ദേവസ്വത്തിന് കീഴിൽ വെറുതെ കിടക്കുന്ന ഭൂമി കൃഷി ചെയ്യാൻ ഉപയോഗിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷണൻ പറഞ്ഞു. ഒരു കോടി ഫല വൃക്ഷത്തൈ ജില്ലാ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷേത്രത്തിലെ ദൈനംദിന ആവശ്യത്തിനാവശ്യമായ പൂക്കൾ ക്ഷേത്ര പരിസരത്ത് തന്നെ നട്ട് വളർത്തി ക്ഷേത്ര പൂങ്കാവാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഒരു കോടി ഫല വൃക്ഷ തൈകൾ നടുവളർത്തൽ മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിലെ ഒരു പ്രധാന പദ്ധതിയാണ്.
2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്ത് ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകൾ ഉൽപാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്നതിനും പൊതു സ്ഥലങ്ങളിൽ വച്ചുപിടിപ്പിക്കാനുമാണ് പദ്ധതി ലക്ഷമിടുന്നത്. കുടുബശ്രീയുടെ നേതൃത്വത്തിൽ ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്സറിയിലാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്.
രാമനിലയത്തിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ അമൃതം കർക്കിടക്കം പുസ്തകം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.
ജില്ലാ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമ താരം ജയരാജ് വാര്യർ മുഖ്യാഥിതിയായി. പി എ ഒ ഡെപ്യൂട്ടി ഡയറക്ടർ ജെഷി, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ എസ് സി നിർമ്മൽ, സി ഡി എസ് ചെയർ പേഴ്സൻ സുലോചന ഗോപിനാഥ്, പ്രെഫ കെ പി അജയ് കുമാർ, ഡോ. രജിതൻ എന്നിവർ പങ്കെടുത്തു.