വിളിപ്പുറത്തുണ്ട് പോലീസ്; അപകടത്തിൽപ്പെട്ട് ബോധരഹിതനായി റോഡിൽ കിടന്ന യുവാവിന് രക്ഷകരായി അന്തിക്കാട് പോലീസ്; നന്ദി പറഞ്ഞ് ഭാര്യ.

ഭർത്താവിൻ്റെ ജീവൻ രക്ഷിച്ച അന്തിക്കാട് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ പി വി വികാസിനും, പോലിസ് ഡ്രൈവർ കമൽകൃഷ്ണയ്ക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഭാര്യ.

അന്തിക്കാട്:

ബൈക്ക് മറിഞ്ഞ് ബോധരഹിതനായി റോഡിൽ കിടന്ന യുവാവിനെ സമയത്തിന് ആശുപത്രിയിലെത്തിച്ച് അന്തിക്കാട് പോലീസ്. അന്തിക്കാട് സ്വദേശി അന്തിക്കാട്ട് വീട്ടിൽ സോമൻ (45) ആണ് അപകടത്തിൽപ്പെട്ടത്. അന്തിക്കാട്ട് കുളത്തിന് സമീപത്ത് വെച്ച് തിങ്കളാഴ്ച ഉച്ചക്ക് ഒന്നേകാലിനാണ് സംഭവം. സോമൻ ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ കമിഴ്ന്നടിച്ച് വീഴുകയായിരുന്നു. മുഖത്തും നെറ്റിയിലും സാരമായി പരിക്കേറ്റ് ചോര വാർന്ന സോമൻ ബോധരഹിതനായി. ഓടി കൂടിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആംബുലൻസുകൾ വിളിച്ചെങ്കിലും ഓട്ടത്തിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ജനപ്രതിനിധിയായ ശാന്ത സോളമൻ വിവരം അന്തിക്കാട് പോലീസിനെ അറിയിച്ചു. മിനിറ്റുകൾക്കുള്ളിൽ ലൈറ്റിട്ട് പാഞ്ഞെത്തിയ പോലീസ് ചോര വാർന്നൊലിക്കുന്ന സോമനെ താങ്ങിയെടുത്ത് ജീപ്പിൽ കയറ്റി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. ഇതിനിടയിൽ പോലീസ് ആംബുലൻസുകളുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. പോലിസിൽ നിന്ന് വിവരം കിട്ടിയത് അനുസരിച്ച് ഓട്ടത്തിലായിരുന്ന പെരിങ്ങോട്ടുകരയിലെ സർവ്വതോ ഭദ്രം ആംബുലൻസ് തൃശൂരിൽ നിന്ന് അരിമ്പൂർ ആറാംകല്ലിൽ വെച്ച് രോഗിയെ ആംബുലൻസിലേക്ക് ഷിഫ്റ്റ് ചെയ്ത് കൃത്യ സമയത്ത് വെസ്റ്റ് ഫോർട്ട് ആശുപതിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. വിദഗ്ധ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് പോലിസ് മടങ്ങിയത്. തീവ്രപരിചരണത്തിൽ ചികിത്സയിലുള്ള ഭർത്താവിന് ബോധം തെളിഞ്ഞതായും സംസാരിച്ചതായും സോമൻ്റെ ഭാര്യ വിജിത അറിയിച്ചു. സഹായഹസ്തവുമായി പാഞ്ഞെത്തി തൻ്റെ ഭർത്താവിൻ്റെ ജീവൻ രക്ഷിച്ച അന്തിക്കാട് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ പി വി വികാസിനും,

പോലിസ് ഡ്രൈവർ കമൽകൃഷ്ണയ്ക്കും നിറകണ്ണുകളോടെ നന്ദി പറയുകയും ചെയ്തു.

അവലംബം - അബ്ബാസ് വീരാവുണ്ണി.

Related Posts