വിളര്‍ച്ചയെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം.
വനിതാ ശിശു വികസന വകുപ്പിന്‍റെ അനീമിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ മാസത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ജൂണ്‍ 12 മുതല്‍ 24 വരെ 12 ദിവസത്തെ അനീമിയ ബോധവല്‍ക്കരണ ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നത്. തൃശൂര്‍ ജില്ലയിലെ 23 ഐസിഡിഎസ് പ്രൊജക്റ്റുകള്‍ മുഖാന്തരമാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക. ഡിഗ്രി, പിജി, പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ച് ഓണ്‍ലൈനായാണ് ക്ളാസുകള്‍ നടത്തുന്നത്. പരമാവധി 100 പേരെ ഉള്‍പ്പെടുത്തി സൂം, ഗൂഗിള്‍ മീറ്റ് മുഖേന ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണിവരെയായിരിക്കും ക്ളാസുകള്‍.
ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, ബ്ലോക്ക് ന്യൂട്രീഷനിസ്റ്റ്, പിഎച്ച്സി ഡോക്ടര്‍മാര്‍, ആയുഷ് ഡോക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്. പങ്കെടുക്കാന്‍ സാധിക്കാത്ത എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് അതത് യൂണിറ്റിന് കീഴില്‍ വരുന്ന പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ പരിശീലനം നല്‍കും.
പരിശീലനം നേടിയ അംഗങ്ങള്‍ക്ക് അനുഭവം പങ്കുവയ്ക്കുന്നതിന് ഒന്നര മിനിറ്റില്‍ കവിയാത്ത ഷോര്‍ട്ട് വീഡിയോകള്‍/പോസ്റ്റര്‍/കൊളാഷ് എന്നിവ തയ്യാറാക്കാം. തിരഞ്ഞെടുത്ത സൃഷ്ടികള്‍ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തുന്നതിനൊപ്പം വകുപ്പിന്‍റെ ഒരു അനുമോദന കുറിപ്പും നല്‍കുമെന്ന് ജില്ല ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -0487 2321689, ഇമെയില്‍ വിലാസം-pothrissur@gmail.com.