വാഴവിഭവങ്ങളടങ്ങിയ പോഷകാഹാരക്കിറ്റുകൾ നൽകി കണ്ണാറ വാഴ ഗവേഷണ കേന്ദ്രം.

കണ്ണാറ വാഴ ഗവേഷണ കേന്ദ്രം നൽകുന്ന വാഴവിഭവങ്ങളടങ്ങിയ കിറ്റുകൾ എടപ്പലം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ പി പി രവീന്ദ്രൻ ഏറ്റുവാങ്ങി.

തൃശ്ശൂർ:

കൊവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും പ്രതിരോധ ശേഷിയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്തമായ ഭക്ഷ്യക്കിറ്റുകൾ നൽകി ശ്രദ്ധ നേടുകയാണ് കണ്ണാറ മാരായ്ക്കലിലെ വാഴ ഗവേഷണ കേന്ദ്രം. പോഷകാഹാര സമൃദ്ധമായ വിവിധ വാഴവിഭവങ്ങൾ അടങ്ങിയ കിറ്റുകളാണ് വാഴഗവേഷണ കേന്ദ്രം ഇതിനായി തയ്യാറാക്കിയത്.

വിവിധയിനം ചെറുകായ ഇനങ്ങളുടെ പഴങ്ങൾ, കറിവെക്കുന്നതിന് ഉതകുന്ന കായകൾ, നാളികേരം, ഗവേഷണ കേന്ദ്രത്തിൽ തന്നെ വികസിപ്പിച്ചെടുത്ത വാഴയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, പലഹാരങ്ങളുണ്ടാക്കാൻ കഴിയുന്ന കായപ്പൊടി, മസാല അടങ്ങിയ ചിപ്‌സ്, കായയുടെ പൊടികൊണ്ട് ഉൽപാദിപ്പിച്ച കുക്കീസ്, ജാം, അച്ചാർ എന്നിവയാണ് കിറ്റിലുള്ളത്.

പാണഞ്ചേരി പഞ്ചായത്തിലെ എടപ്പലം വാർഡിലെ വടക്കുംപാടം കോളനി നിവാസികൾക്കാണ് പോഷകാഹാര സമൃദ്ധമായ വാഴ വിഭവങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നത്. കാർഷിക സർവ്വകലാശാല വൈസ്ചാൻസ്‌ലർ ഡോ. ആർ ചന്ദ്രബാബു ഓൺലൈനിലൂടെ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ വാഴ ഗവേഷണ കേന്ദ്രം മേധാവി ഡോ.പി ബി പുഷ്പലതയിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി. ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ പോഷകാഹാരം പ്രദാനം ചെയ്യുന്നതിനുള്ള വിഭവങ്ങളാണ് കിറ്റിൽ ഉള്ളതെന്ന് ഡോ. പുഷ്പലത പറഞ്ഞു.

Related Posts