വെസ്റ്റ് ത്രിപുരയില്‍ വിവാഹവേദി സീൽ ചെയ്തതിനെ തുടർന്ന് കളക്ടറും ബന്ധുക്കളും തമ്മിൽ കയ്യേറ്റം.
വിവാഹവേദിയിൽ വിവാദ നടപടി; മാപ്പുപറഞ്ഞ് കളക്ടർ.
ത്രിപുര:
കൊവിഡ് നിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് പറഞ്ഞ് വെസ്റ്റ് ത്രിപുരയില്‍ വിവാഹചടങ്ങുകൾ കളക്ടര്‍ നിർത്തിവെച്ചു. വെസ്റ്റ് ത്രിപുരയില്‍ നടന്ന രണ്ട് വിവാഹചടങ്ങുകൾ ആണ് കളക്ടര്‍ ശെലേഷ് കുമാര്‍ നേരിട്ടെത്തി നിര്‍ത്തിച്ചത്. ഇതിനെ തുടർന്ന് കളക്ടറും ബന്ധുക്കളും തമ്മിൽ ഏറ്റുമുട്ടലിൽ കളക്ടര്‍ വരനെ പിടിച്ച് തള്ളുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. വിവാഹവേദി സീല്‍ ചെയ്ത കളക്ടർ വിവാഹത്തിന് എത്തിച്ചേര്‍ന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എതിര്‍ക്കാന്‍ നിന്നവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് കളക്ടര്‍ ഉത്തരവിട്ടത്. വിവാഹവേദിയില്‍ നില്‍ക്കുന്ന വധുവിനോട് ഇറങ്ങി വരാനും അധിക്ഷേപത്തോടെ കളക്ടര്‍ ആവശ്യപ്പെട്ടു.
കൊവിഡ് നിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരെയും ഇദ്ദേഹം ശകാരിച്ചു. സംഭവം വിശദീകരിക്കാന്‍ ശ്രമിച്ച വധുവിന്റെ സഹോദരനെയും അറസ്റ്റ് ചെയ്യാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. നിര്‍ദ്ദേശപ്രകാരം 19 സ്ത്രീകളടക്കം 31 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിവാഹത്തിനെത്തിച്ചേര്‍ന്ന അതിഥികളെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കളക്ടര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പിന്നാലെ ക്ഷമ ചോദിച്ചു കൊണ്ട് കളക്ടര്‍ രംഗത്തെത്തി. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ല തന്റെ നടപടിയെന്നും മാപ്പ് ചോദിക്കുന്നെന്നും ശൈലേഷ് കുമാര്‍ യാദവ് പറഞ്ഞു.