വിസ്മയയുടെ മരണം; ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

കൊല്ലം:

വിസ്മയ മരിച്ച കേസിൽ പ്രതിയായ ഭര്‍ത്താവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ച ലോക്കറും മുദ്രവച്ചു.

സ്ത്രീധനമായി നല്‍കിയ കാറും സ്വര്‍ണവും തൊണ്ടിമുതലാവുമെന്നും ശൂരനാട് പൊലീസ് വ്യക്തമാക്കി. റിമാന്‍‍‍ഡിലായ കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍‌കും. വിസ്മയയുടെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച പൊലീസ് ആത്മഹത്യയാണോ കൊലപാതകമാണോയെന്നതില്‍ വ്യക്തതവരുത്തിയിട്ടില്ല.

കഴിഞ്ഞ ജനുവരിയിൽ ചടയമംഗലം പൊലീസ് സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പാക്കിയ പരാതി വീണ്ടും നൽകാൻ കുടുംബം ഒരുങ്ങുകയാണ്. ഇതിലും പൊലീസ് നടപടിയെടുക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തണം. കൊലപാതകമാണെങ്കില്‍ പ്രതി കിരണ്‍കുമാറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

കിരണിന്റെ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കും. വിസ്മയയുടെ സഹപാഠികളെയും സുഹൃത്തുക്കളെയും കേസന്വേഷണത്തിൻ്റെ ഭാഗമായി ചോദ്യം ചെയ്യും. വിശദമായ തെളിവ് ശേഖരണം അടക്കം ഇവരിൽ നിന്നും പൊലീസ് നടത്തിയേക്കും.

Related Posts