വിസ്മയയുടെ മരണം: ശക്തമായ തെളിവുണ്ട്, പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കും; ഹര്‍ഷിത അട്ടല്ലൂരി.

ഡോക്ടറുടെ മൊഴി കൂടി വിശദമായി എടുത്ത ശേഷം ആത്മഹത്യയാണോ കൊലപാതകം ആണോ എന്ന കാര്യം വ്യക്തമാക്കുമെന്നും ഹര്‍ഷിത അട്ടല്ലൂരി.

കൊല്ലം:

നിലമേലില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. വിസ്മയയുടെ വീട്ടിലെത്തി ഹര്‍ഷിത അട്ടല്ലൂരി അച്ഛനും കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങൾ ചര്‍ച്ച ചെയ്തു.

കേസിന്റെ മുഴുവൻ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങളെടുക്കും. ശക്തമായ തെളിവുകളുള്ള കേസാണ്. ഒരു പെൺകുട്ടിയുടെ ജീവനാണ് നഷ്ടപ്പെട്ടത്. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ നടപടി ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞു.

വലിയ ക്രൈം ആണ് നടന്നത്. പ്രതിക്ക് കനത്ത ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങൾ നൽകുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.

വിസ്മയയുടെ ഭര്‍ത്താവ് കിരൺ വീട്ടിൽ വന്ന അതിക്രമം നടത്തിയ കേസ് പുനരന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ജനുവരിയിൽ നടന്ന സംഭവത്തിൽ പൊലീസ് ഇടപെട്ട് കിരണിനെ താക്കീത് ചെയ്യുകയും കേസ് ഒത്ത് തീർപ്പാക്കുകയുമായിരുന്നു. ഇക്കാര്യത്തിൽ ഒരു വീഴ്ചയും പൊലീസിന് സംഭവിച്ചിട്ടില്ലെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. അന്ന് വിവാഹം കഴിഞ്ഞ് ആറ് മാസമായിരുന്നതേ ഉള്ളു. കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടെന്ന് വിസ്മയയും കുടുംബവുമാണ് തീരുമാനിച്ചത്. അത് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചത്.

കേസ് ഏറ്റെടുത്ത അന്വേഷണ ഉദ്യോഗസ്ഥയോട് കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചിട്ടുണ്ടെന്നും ഇത് വരെയുള്ള പൊലീസ് നടപടിയിൽ തൃപ്തിയുണ്ടെന്നും വിസ്മയയുടെ കുടുംബവും പ്രതികരിച്ചു. കിരണിന്റെ വീട്ടിലും അന്വേഷണ ഉദ്യോഗസ്ഥ എത്തുന്നുണ്ട്.

Related Posts