ശുചിത്വ പദവി ലക്ഷ്യമിട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍.

ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും ശുചിത്വ പദവി കൈവരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ ശുചിത്വ സമിതി നടത്തിയ അവലോകന യോഗം തീരുമാനിച്ചു.

തൃശൂർ:

ജില്ലാ ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ജില്ലയിലെ 46 ഗ്രാമപഞ്ചായത്തുകള്‍ക്ക് മാത്രമാണ് ശുചിത്വ പദവി കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മറ്റു പഞ്ചായത്തുകള്‍ക്കും ഈ പദവി ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ശുചിത്വ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഡേവിസ് മാസ്റ്റര്‍ അറിയിച്ചു. ടേക്ക് എ ബ്രേക്ക്, പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സെന്റീവ് ഗ്രാന്റ്, സ്വച്ച് ഭാരത് മിഷന്‍ തുടങ്ങിയ പദ്ധതികള്‍ ഏകോപിപ്പിച്ച് പുരോഗതി വിലയിരുത്താന്‍ ജില്ലാ വികസന കമ്മീഷണര്‍, അസിസ്റ്റന്റ് കലക്ടര്‍ എന്നിവര്‍ക്ക് ചുമതല നല്‍കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശിച്ചു.

ജില്ലയില്‍ മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രാമപഞ്ചായത്തുകളിലെ 20 വില്ലേജുകളെ ഓ ഡി എഫ് പ്ലസ് ആയി പ്രഖ്യാപനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

ദ്രവ മാലിന്യ സംസ്‌കരണത്തിനായി തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് സോക്പിറ്റുകളും കമ്പോസ്റ്റ് പിറ്റുകളും നിര്‍മിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ പുതിയ ഗോബര്‍ദ്ധന്‍ പദ്ധതികള്‍ ജില്ലയില്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്തി. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഊര്‍ജിതപ്പെടുത്തുന്നതിനും എല്ലാ ഗ്രാമപഞ്ചായത്തുകളിലും എം സി എഫുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും തീരുമാനമായി.

ജില്ലാ മലിനീകരണ ബോര്‍ഡ് തയ്യാറാക്കിയ എന്‍വിയോണ്‍മെന്റ് പ്ലാന്‍ ജില്ലാ ശുചിത്വമിഷന്റെ പദ്ധതികളുമായി ഏകോപിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ശുഭയെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ, സെക്രട്ടറി കെ ജി തിലകന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്മാന്‍ അഹമ്മദ് പി എം, ഡി ഡി പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് പി എന്‍ വിനോദ്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts