സിക്ക വൈറസ്; സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്.

തിരുവനന്തപുരം:

സിക്ക വൈറസ് ബാധ കേരളത്തിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്. രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത എത്രത്തോളമുണ്ടെന്ന് പരിശോധിക്കും. കൊതുകിന്‍റെ ഉറവിടനശീകരണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നും പരിശോധന നടത്തും. ഇതിനായി സമഗ്രമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും ഡി എം ഒ ഡോ. കെ എസ് ഷിനു.

സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെത്തിയ കേന്ദ്രസംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിലൂടെയാണ് ഡി എം ഒ ഇക്കാര്യം അറിയിച്ചത്.. രോഗബാധയിൽ പരിഭ്രാന്തി വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും ഡിഎംഒ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രി പരിസരം കേന്ദ്രസംഘം പരിശോധിച്ചു.

തിരുവനന്തപുരത്ത് പാറശ്ശാലയിലാണ് കേരളത്തിൽ ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയത്. പാറശ്ശാലയിൽ ഒരു ഗർഭിണി ശരീരത്തിൽ ചുവന്ന പാടുകളടക്കമുള്ള സിക്ക വൈറസ് ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഈ മാസം 28-നാണ് രോഗം സ്ഥിരീകരിച്ചത്. പുനെ എൻ ഐ വി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനകളിലാണ് രോഗബാധ സിക്കയാണെന്ന് വ്യക്തമായത്. ദിവസങ്ങൾക്ക് ശേഷം യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഇതുവരെ സംസ്ഥാനത്ത് മൊത്തം 17 പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ മിക്കവരും ആരോഗ്യപ്രവർത്തകരാണ്. രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരു കുഞ്ഞുമുണ്ട്. ഇവരുടെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ്.

കൊവിഡിനിടെ സിക്ക കൂടി കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവജാഗ്രതയിലാണ്. മരണനിരക്ക് കുറവാണെങ്കിലും ഗർഭിണികളിലെ സിക്ക ബാധ കുഞ്ഞുങ്ങളിൽ ജനിതക വൈകല്യത്തിന് കാരണമാകും. അത് കൊണ്ട് ഗർഭിണികളിൽ പരിശോധന ശക്തമാക്കും. ഗർഭിണികളിൽ സ്കാനിംഗ് വ്യക്തമായി നടത്തി കുഞ്ഞുങ്ങൾക്ക് ജനിതകവൈകല്യങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്കക്ക് കാരണം. പനി, തലവേദന, ശരീരത്തിൽ പാടുകൾ, സന്ധിവേദന, പേശിവേദന എന്നിവയാണ് സിക്കയുടെ ലക്ഷണങ്ങൾ. ഇവയുള്ളവർ പരിശോധനക്ക് തയ്യാറാകണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. ലക്ഷണങ്ങൾ വേഗം ഭേദമാകും. എങ്കിലും മൂന്ന് മാസം വരെ വൈറസിന്‍റെ സ്വാധീനം നിലനിൽക്കും. ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്നവരും അവരുടെ പങ്കാളികളും ഇക്കാര്യം പരിഗണിച്ച് മുൻകരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Related Posts