പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കൊവിഡ് രോഗികൾക്ക് ദിവസവും രണ്ടു നേരം സൗജന്യമായാണ് ഭക്ഷണം നൽകുന്നത്.
സൗജന്യ ഭക്ഷണം വിളമ്പി വലപ്പാട് പഞ്ചായത്തിലെ ജനകീയ ഹോട്ടൽ; ദിവസവും 300 ഭക്ഷണപ്പൊതികൾ.
വലപ്പാട്:
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യമായി ഭക്ഷണം നൽകി വലപ്പാട് ഗ്രാമപഞ്ചായത്ത്. കൊവിഡ് ബാധിച്ചവർക്കും നിരീക്ഷണത്തിൽ കഴിയുന്നവരുടെ കുടുംബങ്ങളിലേയ്ക്കും നിർധനരായവർക്കുമാണ് ഭക്ഷണം വീടുകളിൽ എത്തിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിൽ നിന്നാണ് ഇവർക്ക് ഭക്ഷണം നൽക്കുന്നത്. ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും കൊവിഡ് രോഗികൾക്ക് ദിവസവും രണ്ടു നേരം സൗജന്യമായാണ് ഭക്ഷണം നൽക്കുന്നത്. വാർഡുകളിലെ വളണ്ടിയർമാർ മുഖേനയാണ് ഉച്ചയ്ക്കും രാത്രിയും വീടുകളിലേയ്ക്ക് പൊതികളിലാക്കി ഭക്ഷണം എത്തിക്കുന്നത്. ദിവസവും 300 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. വിവിധ സ്ഥാപനങ്ങളും വ്യക്തികളും അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും ജനകീയ ഹോട്ടലിലേക്ക് സംഭാവന നൽകുന്നുണ്ട്. കുടുംബശ്രീ, ആർ ആർ ടി, പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്താലാണ് ലോക്ഡൗൺ സമയത്ത് ജനങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ കഴിയുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് പറഞ്ഞു.