സ്പെയ്നെ സമനിലയിൽ തളച്ച് പോളണ്ട്.

സെവിയ്യ:

യൂറോ കപ്പിൽ പോളണ്ടിനെതിരായ മത്സരത്തിൽ സ്പെയ്നിന് സമനില. ഇരു ടീമും ഓരോ ഗോൾ വീതം നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയതോടെ സ്പാനിഷ് ടീമിന്റെ നോക്കൗട്ട് സാധ്യതകൾ അനിശ്ചിതത്വത്തിലായി. ലഭിച്ച സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയതും ജെറാർഡ് മൊറീനോയുടെ പെനാറ്റി നഷ്ടവുമാണ് സ്പെയ്നിന് തിരിച്ചടിയായത്.

ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ സ്പാനിഷ് നിര 25-ാം മിനിറ്റിൽ ആൽവാരോ മൊറാട്ടയിലൂടെയാണ് മുന്നിലെത്തിയത്. ജെറാർഡ് മൊറീനോ നൽകിയ പാസിൽ നിന്നായിരുന്നു മൊറാട്ടയുടെ ഗോൾ. 54-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കിയിലൂടെ പോളണ്ട് ഗോൾ മടക്കി. കാമിൽ ജോസ്വിയാക്കിന്റെ ക്രോസ് ലെവൻഡോസ്കി ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

എന്നാൽ ലീഡെടുക്കാനുള്ള അവസരം 58-ാം മിനിറ്റിൽ ജെറാർഡ് മൊറീനോ നഷ്ടപ്പെടുത്തി. മൊറീനോയെ യാക്കുബ് മോഡർ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. പക്ഷേ കിക്കെടുത്ത മൊറീനോയ്ക്ക് പിഴച്ചു. പന്ത് പോസ്റ്റിൽ തട്ടി തെറിച്ചു. റീബൗണ്ട് വന്ന പന്ത് പിടിച്ചെടുത്ത് ലെവൻഡോസ്കിയുടെ ഷോട്ട് സ്പെയ്ൻ ഗോളി ഉനായ് സിമൺ തടയുകയും ചെയ്തു. പന്ത് കൈവശം വെയ്ക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിലായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പിഴവ് സ്പെയ്നിനെ തളർത്തുകയായിരുന്നു.

Related Posts