കൊവിഡ് കാലത്തെ സുപ്രീംകോടതിയുടെ ഇടപെടലിനെ അഭിനന്ദിച്ച് കത്തെഴുതിയ തൃശൂര്‍ സ്വദേശിനിയായ പത്ത് വയസുകാരിക്ക് അഭിനന്ദനവുമായി ചീഫ് ജസ്റ്റിസ് എൻ വി രമണ.
സുപ്രീംകോടതിക്ക് കത്തെഴുതിയ തൃശ്ശൂരിലെ പത്ത് വയസുകാരിയെ അഭിനന്ദിച്ച് ചീഫ് ജസ്റ്റിസ് എൻ വി രമണ.
തൃശൂർ:
ലിധ്വിന ജോസഫ് എന്ന അഞ്ചാംക്ലാസുകാരിയാണ് ചീഫ് ജസ്റ്റിസിന്‍റെ വിലാസത്തില്‍ കത്തെഴുതിയത്. ഓക്സിജന്‍ വിതരണത്തിനും അതുവഴി നിരവധി ജീവനുകള്‍ രക്ഷിക്കാനും സുപ്രീംകോടതി ഉത്തരവിട്ടത് ഏറെ സന്തോഷമുണ്ടാക്കിയെന്ന് ലിധ്വിന കത്തില്‍ പറഞ്ഞു. ഡല്‍ഹിയിലും ഇന്ത്യയിലാകെയും കൊവിഡ് വ്യാപനവും മരണനിരക്കും കുറച്ചുകൊണ്ടുവരാന്‍ ബഹുമാനപ്പെട്ട കോടതി നടപടിയെടുക്കുന്നതായി അറിയാം, ഇതിന് ഞാന്‍ നന്ദി പറയുന്നു, ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു എന്നെല്ലാം ലിധ്വിന കത്തില്‍ പറഞ്ഞു.
സ്വന്തം കൈപ്പടയില്‍ മനോഹരമായി എഴുതിയ കത്ത് മെയ് അവസാനത്തോടെയാണ് സുപ്രീംകോടതിയില്‍ ലഭിച്ചത്. ന്യായാധിപന്‍ വൈറസിനെ ഇല്ലായ്മ ചെയ്യുന്നതിന്‍റെ പ്രതീകാത്മക ചിത്രവും ലിധ്വിന കത്തിനൊപ്പം ചേര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ കത്തിന് മറുപടി നല്‍കിയത്. 'കത്തും മനോഹരമായ ചിത്രവും ലഭിച്ചു. രാജ്യത്തെ സംഭവവികാസങ്ങള്‍ അഞ്ചാംക്ലാസുകാരി കൃത്യമായി മനസിലാക്കുന്നുവെന്നതില്‍ ഏറെ ആശ്ചര്യമുണ്ട്. ഉത്തരവാദിത്തവും ജാഗ്രതയുമുള്ള ഒരു പൗരയായി രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിയാകാന്‍ കഴിയട്ടെ' എന്നായിരുന്നു ചീഫ് ജസ്റ്റിസ് മറുപടിയില്‍ പറഞ്ഞത്. ഭരണഘടനയുടെ ഒപ്പുവെച്ച പതിപ്പ് ലിധ്വിനക്ക് സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.