പാരമ്പരാഗത ശുചീകരണ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമമുറപ്പാക്കാനാണ് സന്ദർശനം.
സഫായ് കര്‍മചാരി കമ്മീഷൻ തൃശ്ശൂർ ജില്ല സന്ദർശിച്ചു.
തൃശ്ശൂർ :
പാരമ്പരാഗത ശുചീകരണ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമമുറപ്പാക്കാൻ സഫായ് കര്‍മചാരി കമ്മീഷൻ തൃശ്ശൂർ ജില്ല സന്ദർശിച്ചു. പാരമ്പരാഗത ശുചീകരണ തൊഴിലാളികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവിഷ്കരിച്ച 'സഫായ് കര്‍മചാരി' പദ്ധതി ജില്ലയില്‍ നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാനാണ് കര്‍മചാരി കമ്മീഷനംഗം ജില്ലയിലെത്തിയത്. സഫായ് കര്‍മചാരി ദേശീയ കമ്മീഷന്‍ അംഗം ഡോ. പി പി വാവയാണ് പാരമ്പരാഗത ശുചീകരണ തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലയിലെത്തിയത്.
സഫായ് കര്‍മചാരി പദ്ധതി സഹായത്തിന് അർഹരായവരെ കണ്ടെത്തി നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ എല്ലാ ഉദ്യോഗസ്ഥരുടെയും സഹകരണം ഉറപ്പാക്കണമെന്ന് തൃശ്ശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച കാര്യപരിപാടിയിൽ ഡോ. വാവ പറഞ്ഞു.
ജില്ലാ പട്ടികജാതി - വര്‍ഗ വകുപ്പുകള്‍, സാമൂഹ്യനീതി വകുപ്പ്, ശുചിത്വമിഷന്‍ എന്നിവയെ ഏകോപിപ്പിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പരമ്പരാഗത ശുചീകരണ തൊഴിലാളികളെ കണ്ടെത്തി സഫായ് കർമചാരി പദ്ധതിയുടെ ഗുണഭോക്താക്കളാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കലക്ടർ എസ് ഷാനവാസ് പറഞ്ഞു.
ജില്ല വികസന കമ്മീഷണർ അരുൺ കെ വിജയൻ, അസിസ്റ്റന്റ് കലക്ടർ സുഫിയാൻ അഹമ്മദ്, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, വിവിധ സർക്കാർ വകുപ്പ് മേധാവികള്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.