സമാന്തര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്ന് ആവശ്യം ഉയരുന്നു.
സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സമാന്തര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2020 മാർച്ച് മുതൽ അടഞ്ഞുകിടക്കുകയാണ്. 16 മാസമായി അടഞ്ഞുകിടക്കുന്ന ഇത്തരം സ്ഥാപനങ്ങളാണ് പത്താം ക്ലാസ് മുതൽ എഞ്ചിനീയറിംങ് വിദ്യാർഥികൾ വരെ തൊഴിൽ തേടുന്നതിന് ആശ്രയിക്കുന്നത്. നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വിദേശരാജ്യങ്ങളിൽ തൊഴിൽ നേടുന്നതിനും ഇവർ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. സർക്കാർ ജോലികൾക്ക് പോലും കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധിത യോഗ്യതയായി പരിഗണിക്കുന്നു. ഇത്തരത്തിൽ വിവിധതരം സാങ്കേതിക പരിജ്ഞാനം നൽകുന്ന സർക്കാർ വകുപ്പുകളുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങൾ കേരളത്തിൽ പതിനായിരത്തോളം വരും. ഇത്തരം പഠന രംഗങ്ങളിൽ നേരിട്ടുള്ള സർക്കാർ സംവിധാനങ്ങൾ വളരെ പരിമിതമാണ്. ഒരു മാസം മുതൽ മൂന്ന് വർഷം വരെയുള്ള പഠനം സാധ്യമാക്കുന്ന ഇത്തരം സ്ഥാപനങ്ങൾ എല്ലാം ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. പഠന കേന്ദ്രത്തെ നേരിട്ടും അല്ലാതെയും ആശ്രയിച്ചു കഴിയുന്നവർ ലക്ഷങ്ങളാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ വാഗ്ദാനങ്ങൾ ഇവർക്ക് മുൻപിൽ നിശ്ചലമാണ്. സർക്കാരിൻ്റെ ക്രിയാത്മകമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഈ മേഖല നശിച്ചുപോകും. ഒപ്പം സംരംഭകരായ ഈ അഭ്യസ്തവിദ്യർ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യും. ആയതിനാൽ ഈ മേഖലയിൽ സർക്കാരിൻ്റെ ശക്തമായ ഇടപെടൽ ആവശ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇപ്പോഴും ട്യൂട്ടോറിയൽ രജിസ്ട്രേഷൻ ആക്ട് പ്രകാരമുള്ള രജിസ്ട്രേഷൻ സംവിധാനമാണ് നിലവിലുള്ളത്. 16 മുതൽ 45 വയസ്സ് വരെ ഉള്ള വിദ്യാർത്ഥികൾ വന്നു പഠിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ സാങ്കേതിക വിദ്യാഭ്യാസ രജിസ്ട്രേഷനിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. കൂടാതെ അധ്യാപകർക്കും വിദ്യാർഥികൾക്കും മുൻഗണന വിഭാഗത്തിൽ ഉൾപെടുത്തി വാക്സിനേഷൻ എടുത്താൽ ലോക് ഡൗണിന് ശേഷം മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രാക്ടിക്കൽ ക്ലാസുകൾ നടത്താൻ കഴിയും. സർക്കാർ തുറക്കാൻ അനുവദിക്കാത്ത സമയങ്ങളിൽ വാടക ഒഴിവാക്കി, സ്ഥാപന ഉടമകൾക്ക് നിയമസംരക്ഷണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഉറപ്പുവരുത്തുകയും ചെയ്താൽ ഇവർക്ക് ഇനിയും മുന്നോട്ടു പോകാം. കോവിഡിനു ശേഷം സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നതിനും കമ്പ്യൂട്ടറുകളും മറ്റും കേടുപാടുകൾ തീർക്കുന്നതിനും ആവശ്യമായ പലിശരഹിത വായ്പയും പുനരുദ്ധാരണ പാക്കേജും നല്ക്കണം. വായ്പകളും, ചിട്ടികളും അടക്കം, ബാധ്യതയായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ ജപ്തി നടപടിയിൽ നിന്നും ഒഴിവാക്കി മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്യേണ്ടതാണ്. ഒപ്പം അടഞ്ഞുകിടന്ന കാലയളവിലെ ഇലക്ട്രിസിറ്റി ബില്ല് ഒഴിവാക്കേണ്ടതും ആവശ്യമാണ്. ഇത്തരം ആവശ്യങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ അനുവദിച്ചാൽ മാത്രമേ സർക്കാരിനും നാടിനും ഏറെ സാമ്പത്തിക സാമൂഹ്യ വളർച്ച നൽകുന്ന തൊഴിലില്ലായ്മ ഒരു പരിധിവരെ ഇല്ലാതാക്കുന്ന വിദ്യാസമ്പന്നരായ പതിനായിരക്കണക്കിന് സംരംഭകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിൽ നിന്നും സംരക്ഷിക്കാൻ സാധിക്കും.
സമാന്തര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ റെൻവെയുടെ സംസ്ഥാന കമ്മറ്റിയ്ക്കു വേണ്ടി പ്രസിഡണ്ട് റോയി ടി എ, ജനറൽ സെക്രട്ടറി റ്റിനു കെ രാജ് എന്നിവർ വാർത്താക്കുറിപ്പിലൂടെയാണ് ഈ കാര്യങ്ങൾ ആവശ്യപ്പെട്ടത്.