സംവിധായകൻ കെ വി ആനന്ദ് അന്തരിച്ചു.

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു.

ചെന്നൈ:

തമിഴ് സംവിധായകനായും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. ദിനപത്രത്തിൽ ഫോട്ടോഗ്രാഫറായി കരിയർ ആരംഭിച്ച കെ വി ആനന്ദ് പിസി ശ്രീറാമിന്റെ ഗോപുര വാസലിലെ, മീര, തേവർ മഗൻ, അമരൻ, തിരുടാ തിരുടി എന്നി ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

1994ൽ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ ഛായാഗ്രഹകനായാണ് അദ്ദേഹം തന്‍റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് കരസ്ഥമാക്കി. തുടർന്ന് മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ മലയാളം ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു.

2005ൽ 'കാണ കണ്ടേൻ' എന്ന തമിഴ് ചിത്രമായിരുന്നു ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് അയൻ, കോ, മാട്രാൻ, അനേഗൻ, കവൻ, കാപ്പൻ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ തമിഴ് സിനിമാലോകത്തിന് സംഭാവന നൽകി.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചു. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ശിവജിയുടെ ക്യാമറാമാന്‍ ആയിരുന്നു. ‘തിരുടാ തിരുടാ’ എന്ന മണിരത്‌നം ചിത്രത്തിലെ ഗാന ചിത്രീകരണം ലോകശ്രദ്ധയാകര്‍ഷിച്ചു. ഹിന്ദിയിൽ ജോഷ്, കാക്കി, നായക് എന്നീ സിനിമകളുടെ ക്യാമറാമാന്‍ ആണ്.

തമിഴ്, മലയാളം സിനിമാ മേഖലയിൽ നിന്നുള്ള നിരവധി ആളുകൾ കെ.വി. ആനന്ദിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നുണ്ട്.

Related Posts