സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും; തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ.
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം.
തിരുവനന്തപുരം:
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതിയെന്നും സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നുമാണ് നിർദ്ദേശം. വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. വാക്സീൻ വിതരണത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം കണ്ടൈൻമെന്റ് സോണിന് പുറത്തുള്ള സാധാരണ കടകൾ 9 മണി വരെ പ്രവർത്തിക്കാനനുവദിക്കാനും തീരുമാനമായി.
കൊവിഡ് പോസിറ്റീവ് ആകുന്നവർ, അവരുമായി സമ്പർക്കത്തിൽ വന്നവർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ എന്നിവരെ കൃത്യമായി നിരീക്ഷിക്കണമെന്നാണ് സർക്കാർ നയം.
ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കൂടുതൽ വാക്സീൻ നൽകാനാണ് ലക്ഷ്യം. അതേസമയം നിലവിൽ മൂന്ന് ലക്ഷത്തിൽ താഴെ വാക്സീൻ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. നിലവിലെ സാഹചര്യം തുടർന്നാൽ ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തിലേക്ക് ഉയരുമെന്നാണ് കോർ കമ്മിറ്റി യോഗത്തിൻ്റെ വിലയിരുത്തൽ. കൊവിഡ് വ്യാപന തീവ്രത കുറയ്ക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന വാക്സിനേഷൻ കൂടുതൽ കാര്യക്ഷമമാക്കാൻ 50 ലക്ഷം ഡോസ് വാക്‌സീൻ കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്. വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും.
രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.