ഇന്നും നാളെയും കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്.
തിരുവനന്തപുരം:
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നും നാളെയും കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ അറിയിച്ചു.
കാലവര്‍ഷം ജൂണ്‍ മൂന്നിന് കേരളത്തില്‍ എത്തുമെന്നാണ് പ്രവചനം. മൂന്ന് മുതല്‍ നാലുദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാം. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്നുമുതല്‍ ശക്തിപ്രാപിക്കുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്.