മഹാമാരിക്കാലത്ത് ഒപ്പം ചേർത്തുപിടിച്ച സർക്കാരിന് പിന്തുണയുമായി അതിഥിതൊഴിലാളികളുടെ കൂട്ടായ്മ.
സർക്കാരിന്റെ കരുതലിന് അതിഥിതൊഴിലാളികളുടെ പിന്തുണ.
ചാഴൂർ:
കൊവിഡ് മഹാമാരിക്കാലത്ത് അതിഥിതൊഴിലാളികളെ ചേർത്തുപിടിക്കുന്ന സംസ്ഥാന സർക്കാരിന് പിന്തുണയുമായി ബംഗാൾ സ്വദേശികളായ നജീർമിയ, സാഫി ഹസ്സൻ, ജാനേ മണ്ഡൽ, ഷമിം മണ്ഡൽ, നൂറുൽ, സുജിത്ത്, മൊയ്തുൽ, ജഷിം എന്നിവരുടെ കൂട്ടായ്മയെത്തിയത് ശ്രദ്ധേയമായി. ഇന്റീരിയർ ഡിസൈനിങ് രംഗത്ത് പ്രവർത്തിക്കുന്ന കഴിമ്പ്രം സ്വദേശിയായ സജീഷ് പുളിക്കലിനു കീഴിൽ ജോലി ചെയ്തുവരുന്ന നിർമ്മാണ തൊഴിലാളികളാണ് സംസ്ഥാനസർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്ക് 5000 രൂപ സംഭാവന നൽകിയത്. പത്ത് വർഷമായി നാട്ടികയിൽ സ്ഥിരതാമസമാക്കിയ ഇവർ കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസകൊണ്ട് മൂടി. പിണറായി വിജയൻ സർക്കാരിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് കൂട്ടായ്മയിലെ നജീർമിയ, സോഫി ഹസ്സൻ എന്നിവർ പറഞ്ഞു. ചാഴൂർ പഞ്ചായത്തിലെ പുള്ളിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നടന്ന ചടങ്ങിൽ തുക നാട്ടിക എം എൽ എ സി സി മുകുന്ദന് കൈമാറി. ചാഴൂർ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ഷില്ലി ജിജു, ഷൈജു സായ്റാം, കെ കെ ജോബി തുടങ്ങിയവർ പങ്കെടുത്തു.