സി ബി എസ് ഇ 12-ാം ക്ലാസ്സ് പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം രണ്ട് ദിവസത്തിനുള്ളിൽ.

ഡൽഹി:

പത്താം ക്ലാസ്സിലെയും പതിനൊന്നാം ക്ലാസ്സിലെയും മാര്‍ക്കുകൾ കൂടി കണക്കിലെടുക്കണം എന്ന നിര്‍ദ്ദേശമാണ് ഇതിനായി നിയോഗിച്ച സമിതിയുടെ ചര്‍ച്ചകളിൽ ഉയര്‍ന്നത്. കൂടുതൽ കൂടിയാലോചന ആവശ്യമുള്ളതുകൊണ്ടാണ് ഇത് പുറത്തിറക്കുന്നത് രണ്ട് ദിവസത്തേക്ക് കൂടി മാറ്റിയത്.

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണയായത്. മാര്‍ക്ക് നിര്‍ണയിക്കാൻ കുറ്റമറ്റ സംവിധാനം വേണമെന്ന നിര്‍ദ്ദേശം യോഗം സി ബി എസ് ഇക്ക് നൽകിയിരുന്നു. ഇതിനായി രൂപീകരിച്ച പത്തംഗ സമിതി വിശദമായ കൂടിയാലോചനയാണ് കഴിഞ്ഞ പത്ത് ദിവസത്തിൽ നടത്തിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലപാടും സമിതി തേടി.

പന്ത്രണ്ടാം ക്ലാസ്സിലെ ഇന്‍റേണൽ മാര്‍ക്ക് മാത്രം പരിഗണിക്കുക എന്നതായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാൽ എല്ലാ സ്കൂളുകളുടെയും നിലവാരം ഒരുപോലെയല്ല എന്നതിനാൽ പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷാ മാര്‍ക്ക് കൂടി കണക്കിലെടുക്കണമെന്ന് നിര്‍ദ്ദേശം ഉയർന്നു.

ഇതോടൊപ്പം പതിനൊന്നാം ക്ലാസിലെ അവസാന മാര്‍ക്കും പരിഗണിച്ചേക്കും. ഏത് മാര്‍ക്കിനാണ് കൂടുതൽ വെയിറ്റേജ് എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ അവസാനവട്ട ചര്‍ച്ച തുടരുകയാണ്. മാര്‍ഗ്ഗനിര്‍ദ്ദേശം ഇന്ന് പുറത്തിറക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ ചില വിദഗ്ധരുടെ കൂടി നിലപാട് കിട്ടേണ്ടതിനാൽ ഇത് രണ്ടുദിവസത്തേക്ക് മാറ്റിയതായി ഉന്നത വൃത്തങ്ങൾ പറഞ്ഞു. ജൂലായ് പതിനഞ്ചോടുകൂടി മാര്‍ക്ക് നിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് സി ബി എസ് ഇ ആലോചിക്കുന്നത്.

Related Posts