ജില്ലയിൽ 237 കേന്ദ്രങ്ങളിൽ 31,500 വിദ്യാർഥികളാണ് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കുക.
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം.
തൃശ്ശൂർ :
സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം. ജൂലൈ 12 വരെയാണ് പരീക്ഷകൾ. ജില്ലയിൽ 237 കേന്ദ്രങ്ങളിൽ 31,500 വിദ്യാർഥികളാണ് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കുക. ജില്ലയിൽ പ്രയാസങ്ങളില്ലാതെ പ്രായോഗിക പരീക്ഷകൾ നടത്താൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അക്കാദമിക് കോ ഓർഡിനേറ്റർ വി എം കരീം അറിയിച്ചു. പ്രാക്ടിക്കൽ അവസാനിച്ചാൽ ജൂലൈ 15ന് പ്ലസ് ടു ഫലപ്രഖ്യാപനമുണ്ടാകും. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് കോമ്പിനേഷനുകളിൽ 21 വിഷയങ്ങളിലാണ് പരീക്ഷ. ബയോ സയൻസ് വിദ്യാർഥിക്ക് അഞ്ച് പ്രാക്ടിക്കൽ ഉണ്ടാകും. സയൻസ് വിദ്യാർഥികൾക്ക് കണക്ക് വിഷയത്തിന് ആദ്യമായാണ് പ്രാക്ടിക്കൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളും അധ്യാപകരും ലാബ് അസിസ്റ്റന്റുമാരും ഇരട്ട മാസ്ക്, കൈയ്യുറ എന്നിവ ധരിച്ചിരിക്കണം. സ്കൂളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും പോകുന്നതിന് മുമ്പും ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. ഉപകരണങ്ങൾ കൈമാറി ഉപയോഗിക്കാൻ പാടില്ല.
കൃത്യസമയത്ത് കുട്ടികൾ വരികയും കഴിഞ്ഞാൽ പോകുകയും ചെയ്യുന്ന വിധത്തിൽ ടൈംടേബിളും അറിയിപ്പും നൽകിയിട്ടുണ്ട്. പ്രാക്ടിക്കലിന്റെ ഭാഗമായ പ്രൊസീജിയർ, എഴുത്ത് എന്നിവ ലാബിന് പുറത്ത് തുറസായ ക്ലാസ് മുറികളിൽ വേണം. വിവിധ വിഷയങ്ങൾക്ക് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയം ലഘൂകരിച്ചിട്ടുണ്ട്. കംപ്യൂട്ടർ ലാബിൽ ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്പ് അല്ലെങ്കിൽ കംപ്യൂട്ടർ ഉപയോഗിക്കാം. ഇതിനായി ലോവർ സെക്ഷനിൽ ഐടി അറ്റ് സ്കൂളിൽ നിന്നും എം എൽ എ, എം പി എന്നിവരുടെ വികസന നിധിയിൽ നിന്ന് ലഭിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും ഉപയോഗിക്കാം. ഉപയോഗത്തിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകി സാനിറ്റൈസ് ചെയ്യണം. കൊവിഡ് പോസിറ്റീവും ക്വാറന്റൈനിലുമായ കുട്ടികൾ ഹാജരാകേണ്ടതില്ല. ഇവർക്ക് ക്വാറന്റൈൻ കഴിഞ്ഞ ശേഷം കുട്ടികളുടെ എണ്ണമനുസരിച്ച് പ്രത്യേക കേന്ദ്രങ്ങളിൽ പ്രാക്ടിക്കലിന് ഹാജരാകാം. ഡി സി സി, സി എഫ് എൽ ടി സി എന്നിവ പ്രവർത്തിക്കുന്ന ജി എച്ച് എസ് എസ് തളിക്കുളം, ജി എച്ച് എസ് എസ് വടക്കാഞ്ചേരി, ജി എച്ച് എസ് എസ് നന്തിക്കര, സെന്റ് അഗസ്റ്റിൻ കുട്ടനെല്ലൂർ എന്നിവിടങ്ങളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.