ഹലോ ഞങ്ങളുണ്ട് കൂടെ; കോൾ സെന്ററുമായി വടക്കാഞ്ചേരി നഗരസഭ.

കൊവിഡ് ബാധിതർക്ക് മാനസിക പിന്തുണ നൽകുന്നതിനുള്ള 'കൂടെ' പദ്ധതിയുമായി വടക്കാഞ്ചേരി നഗരസഭ.

വടക്കാഞ്ചേരി:

വടക്കാഞ്ചേരി നഗരസഭയില്‍ കൊവിഡ് രോഗികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുള്ള 'കൂടെ' പദ്ധതിയുടെ ഭാഗമായുള്ള കോള്‍ സെന്‍റര്‍ പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ പി എൻ സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊവിഡ് രോഗികളെ നഗരസഭാ നേരിട്ടു ഫോണ്‍ വിളിച്ചു അവരുടെ രോഗ വിവരവും ക്ഷേമവും അന്വേഷിക്കുകയും അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ആർ ആർ ടി കോഡിനേറ്റര്‍മാരുടെ ചുമതലയുള്ള നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്യും.

ആർ ആര്‍ ടി കോഡിനേറ്റര്‍മാർ അതാത് സമയത്ത് കോള്‍സെന്‍റര്‍ മുഖേന ലഭിക്കുന്ന വിവരങ്ങള്‍ നേരില്‍ പരിശോധിച്ച് ആവശ്യമായ സഹായങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കും. ഇതോടെ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും നഗരസഭാ തലത്തില്‍ ഒരുക്കി നല്‍കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ കൊവിഡ് രോഗികള്‍ ആരെങ്കിലും ക്വാറന്‍റയിന്‍ സമയത്ത് മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൗണ്‍സിലിംഗ് സംവിധാനം ഏര്‍പ്പെടുത്താനും 'കൂടെ' പദ്ധതി വഴിയൊരുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

യോഗത്തില്‍ നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഷീല മോഹനന്‍, ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ആർ അരവിന്ദാക്ഷന്‍, വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആർ അനൂപ് കിഷോര്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജമീലാബി, മരാമത്ത് കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്വപ്ന ശശി, വിദ്യഭ്യാസകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറി മനോജ് കെ കെ എന്നിവര്‍ സംസാരിച്ചു.

Related Posts