കുടുംബശ്രീയുടെ 50,00,000 ത്രിവർണ്ണ പതാകകൾ പാറിക്കളിക്കും
ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കുടുംബശ്രീയും രംഗത്തിറങ്ങി. ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ത്രിവർണ്ണ പതാക പാറിക്കളിക്കും. ഇതിനാവശ്യമായ 50 ലക്ഷം ത്രിവർണ്ണ പതാകകൾ തയ്യാറാക്കി വിതരണം ചെയ്യുക എന്ന സുപ്രധാന ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍റെ കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ് പതാക തയ്യാറാക്കുന്നത്. സ്കൂളുകൾക്ക് ആവശ്യമായ പതാകകളുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം വീടുകൾക്ക് ആവശ്യമായ കൊടികളുടെ എണ്ണവും കൂടി കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യും. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍റെ കീഴിലുള്ള 'റെയിൻബോ ക്ലോത്ത് ആൻഡ് ബാഗ് യൂണിറ്റ്സ് സൊസൈറ്റി' കൺസോർഷ്യത്തിലെ 94 സംരംഭക യൂണിറ്റുകളാണ് പതാക നിർമ്മിക്കുന്നത്. ഏകദേശം 350 ഓളം ആളുകളാണ് ഇതിൽ ഏർപ്പെട്ടിരിക്കുന്നത് . കുടുംബശ്രീ ജില്ലാ മിഷൻ ആവശ്യമായ പരിശീലനം നൽകിയിരുന്നു.