വിമാനത്താവളങ്ങളിൽ 5 ജി; ഇന്ത്യ-യു എസ് ഫ്ലൈറ്റുകൾ റദ്ദാക്കി എയർ ഇന്ത്യ

വിമാനത്താവളങ്ങളിൽ 5 ജി സാങ്കേതികവിദ്യ അനുവദിക്കുന്ന അമേരിക്കൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ നിലപാടിൽ യോജിക്കാനാവാതെ ഇന്ത്യ-യു എസ് ഫ്ലൈറ്റുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് പല എയർലൈനുകളുടെയും ഷെഡ്യൂളുകൾ തകിടംമറിച്ചിരിക്കുന്ന 5 ജി വിന്യാസം കണക്കിലെടുത്ത് ജനുവരി 19 മുതൽ യു എസിലേക്കുള്ള തങ്ങളുടെ ഏതാനും ഫ്ലൈറ്റുകൾ വെട്ടിക്കുറച്ചതായി എയർ ഇന്ത്യ അറിയിച്ചു. നിലവിൽ നാല് ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്.

അതേസമയം റിപ്പോർട്ടുകൾ പ്രകാരം, വിവിധ എയർലൈനുകളുടെ മുന്നറിയിപ്പിനെ തുടർന്ന്, ചില വിമാനത്താവളങ്ങളിലെങ്കിലും 5 ജി സേവനങ്ങൾ താത്കാലികമായി പരിമിതപ്പെടുത്താൻ യു എസ് ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്.

അതിവേഗ ഇൻ്റർനെറ്റ് ലഭ്യത നൽകുന്ന 5 ജി സാങ്കേതികത റൺവേകളിൽ ഉൾപ്പെടെ അനുവദിക്കുന്നത് വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന നിലപാടാണ് എയർ ഇന്ത്യയ്ക്കുള്ളത്. ഫ്ലൈറ്റിലെ ഉപകരണങ്ങളുടെ പ്രവർത്തനത്തെ അത് ദോഷകരമായി ബാധിക്കും. എന്നാൽ അതീവ സുരക്ഷിതമായാണ് തങ്ങൾ 5 ജി അവതരിപ്പിച്ചിരിക്കുന്നതെന്ന് അമേരിക്കൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളായ എ ടി ആൻ്റ് ടി, വെരിസോൺ എന്നിവ പറയുന്നു.

എയർ ഇന്ത്യയ്ക്കു പുറമേ എമിറേറ്റ്സ്, ജപ്പാൻ എയർലൈൻസ്, നിപ്പോൺ എയർവേയ്സ് തുടങ്ങിയവയും 5 ജി പ്രശ്നത്തിൽ തങ്ങളുടെ അമേരിക്കൻ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.

Related Posts