രാജ്യം ആദ്യം, എപ്പോഴും ആദ്യം'; 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം.

ന്യൂഡൽഹി: കൊവിഡ് തീർത്ത പ്രതിസന്ധിയിൽ പ്രതീക്ഷ പകർന്ന് രാജ്യം നാളെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. എല്ലാ വർഷവും രാജ്യമെമ്പാടും സാംസ്‌കാരിക പരിപാടികളും പതാക ഉയർത്തൽ ചടങ്ങുകളുമൊക്കെയായിട്ടാണ് ഈ ദിനം ആഘോഷമാക്കാറ്. കൊവിഡ് ഭീതിയ്ക്കിടെ ഇത്തവണ വളരെ കരുതലോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ദേശീയ പതാകയുയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും.

രാജ്യം ആദ്യം, എപ്പോഴും ആദ്യം' എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത്തവണത്തെ ആഘോഷം. 2020 ലെ സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം 'ആത്മനിർഭർ ഭാരത്' എന്നായിരുന്നു. 2019ൽ 'നമ്മുടെ സൈനികരെ പിന്തുണയ്ക്കുക, നമ്മുടെ സൈനികരെ അഭിവാദ്യം ചെയ്യുക' എന്നതായിരുന്നു സന്ദേശം.

രാവിലെ ഏഴരയ്ക്ക് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുമ്പോൾ 21 ആചാര പീരങ്കി വെടികൾ മുഴങ്ങും. തുടർന്ന് ഹെലികോപ്ടറുകൾ പുഷ്പവൃഷ്‌ടി നടത്തും. രാജ്യത്തെ അഭിസംബോധന ചെയ്‌ത് ശേഷം പ്രധാനമന്ത്രി ബലൂണുകൾ പറത്തും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പൂർത്തിയാക്കേണ്ട പദ്ധതികളും പ്രഖ്യാപിച്ചേക്കും.

ടോക്യോ ഒളിമ്പിക്‌സ് 2020 ൽ മെഡൽ നേടിയ അത്‌ലറ്റുകളും ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യൻ എംബസികളുടെ ആഭിമുഖ്യത്തിൽ വിദേശരാജ്യങ്ങളിലും സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിക്കും. വിവിധ മന്ത്രാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വെബിനാറുകൾ, ക്വിസ് മത്സരങ്ങൾ, പെയിന്റിംഗ്, നൃത്ത മത്സരങ്ങൾ തുടങ്ങിയവും സംഘടിപ്പിക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പരിപാടികളിലേക്ക് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

Related Posts