ഏകാദശിനാളിൽ ഗുരുവായൂരപ്പന് വിശ്വരൂപ ദാരു ശിൽപം സമർപ്പിച്ചു
ഗുരുവായൂർ : ചരിത്രപ്രസിദ്ധമായ ഏകാദശിനാളിൽ ഗുരുവായൂരപ്പന് വഴിപാടായി വിശ്വരൂപത്തിൻ്റെ ദാരുശിൽപം സമർപ്പിച്ചു. ഗീതാ ദിനം കൂടിയായ ഇന്ന് രാവിലെ തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ മോഹൻകുമാറും ഭാര്യ ഷീലമോഹനും ചേർന്നാണ് ദാരു ശിൽപം സമർപ്പിച്ചത്.
നാലര അടി നീളവും മൂന്നടി വീതിയുമുണ്ട്. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് മുന്നിൽ വെച്ച് ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് ദാരുശിൽപം ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ വി പ്രശാന്ത്, കെ അജിത്, കെ വി ഷാജി, ഇ പി ആർ വേശാല, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സന്നിഹിതരായി. തുടർന്ന് ദാരു ശിൽപം ക്ഷേത്രം സോപാനത്തിലേക്ക് സമർപ്പിച്ചു.
ഗീതോപദേശത്തിനൊടുവിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് കാട്ടികൊടുക്കുന്ന ആദി നാരായണ രൂപമാണ് വിശ്വരൂപം. മഹാവിഷ്ണുവിൻ്റെ പൂർണ്ണ അവതാരങ്ങളും അംശാവതാരങ്ങളും ഉൾകൊള്ളുന്നതാണ് വിശ്വരൂപം . കുമിൾ മരത്തിൽ നിർമ്മിച്ചതാണ് ഈ ശിൽപം. ബംഗളൂരുവിൽ താമസമാക്കിയ മോഹൻകുമാർ ഗുരുവായൂരിൽ വീട് വാടകയ്ക്കെടുത്ത് സ്വയം സമർപ്പിത മനസോടെ നിർമ്മിച്ചതാണ്. "ഗീതാ ദിനം തന്നെ ഈ സമർപ്പണം നടത്താനായതിൻ്റെ ധന്യതയിലാണ് ഈ കുടുംബം.”