അംഗീകരിക്കുന്നു, ആദരിക്കുന്നു; അക്കാദമി വിലക്കിനോട് പ്രതികരിച്ച് നടൻ വിൽ സ്മിത്ത്

പത്തു വർഷക്കാലം തനിക്ക് ഓസ്കർ പരിപാടികളിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട് ആൻ്റ് സയൻസസിൻ്റെ തീരുമാനത്തോട് പ്രതികരിച്ച് പ്രമുഖ ഹോളിവുഡ് നടൻ വിൽ സ്മിത്ത്. അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും ആദരിക്കുന്നു എന്നും നടൻ പ്രസ്താവനയിൽ അറിയിച്ചു.

2032 വരെ ഓസ്കർ ചടങ്ങിലോ അക്കാദമി സംഘടിപ്പിക്കുന്ന മറ്റ് പരിപാടികളിലോ പങ്കെടുക്കുന്നതിൽ നിന്നാണ് ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് നേടിയ വിൽ സ്മിത്തിനെ അക്കാദമി വിലക്കിയത്. രോഗിയായ ഭാര്യയെ ഓസ്കർ അവാർഡ് ദാന ചടങ്ങിൽ അധിക്ഷേപിച്ചതിനാണ് അവതാരകനായ ക്രിസ് റോക്കിനെ വിൽ സ്മിത്ത് ശാരീരികമായി ആക്രമിച്ചത്. ഓസ്കർ വേദിയിലെ മോശം പെരുമാറ്റത്തിൽ പിന്നീട് വിൽ സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു.

കിങ്ങ് റിച്ചാർഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം സ്വീകരിക്കാൻ വേദിയിൽ എത്തിയപ്പോഴാണ് അക്കാദമിയുടെ ചരിത്രത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

Related Posts